കൊച്ചി
വിദ്യാർഥികൾക്ക് അവരവരുടെ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഉച്ചകോടി ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഉച്ചകോടിയിൽ ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയാകും. നാക് ചെയർമാൻ ഡോ. ഭൂഷൺ പട്വർധൻ, ആമസോൺ വെബ് സർവീസ് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അമിത് മേത്ത തുടങ്ങി 25 വിദഗ്ധരുടെ വിവിധ സെഷനുകളും ചർച്ചകളും നടക്കും.
അസാപിന്റെ (അഡീഷണൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം) നേതൃത്വത്തിൽ നടത്തുന്ന ഉച്ചകോടിയിൽ നാനൂറിലധികം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി 2000 വിദ്യാർഥികളും 500 അധ്യാപകരും പങ്കെടുക്കും. ഓരോ മേഖലയിലും ഉയർന്നുവരുന്ന തൊഴിലവസരങ്ങളും തൊഴിൽമേഖലയിലെ മാറ്റങ്ങളും പുത്തൻ സാങ്കേതികവിദ്യകളും മനസ്സിലാക്കാനും അതിനനുസരിച്ച് ഭാവി കരുപ്പിടിപ്പിക്കാനും വിദ്യാർഥികളെ സജ്ജരാക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് തൊഴിൽദാതാക്കളായി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഉച്ചകോടിയും ഇതിന്റെ ഭാഗമാണ്. നമ്മുടെ വിദ്യാർഥികൾക്ക് ഇവിടെ തുടരാൻ സാഹചര്യം ഉണ്ടാക്കുന്നതിനാണ് പ്രാഥമികപരിഗണന. ഗുണനിലവാരമില്ലാത്ത വിദേശ സർവകലാശാലകളിലേക്ക് വിദ്യാർഥികൾ റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.