ഭുവനേശ്വർ
ഗോവൻ തിരമാലയിൽ ആടിയുലഞ്ഞ പടക്കപ്പലിനെ ഒ എം ആസിഫ് വിജയതീരത്തെത്തിച്ചു. സന്തോഷ് ട്രോഫി ഫുട്ബോളിലെ കൊണ്ടുംകൊടുത്തുമുള്ള വീറുറ്റപോരാട്ടത്തിൽ ഗോവയെ 2–-3ന് മറികടന്ന് കേരളം ജയംപിടിച്ചു. പരിക്കുസമയം ആസിഫിന്റെ ഹെഡ്ഡറാണ് ചാമ്പ്യൻമാരുടെ രക്ഷയ്ക്കെത്തിയത്. നിജോ ഗിൽബർട്ടും റിസ്വാനലിയും മറ്റ് ഗോളുകൾ നേടി. പിന്നിട്ടുനിന്നശേഷം മഹമീദ് ഫഹീസിന്റെ ഇരട്ടഗോളിലാണ് ഗോവ തിരിച്ചുവന്നത്. ജയത്തോടെ എ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി കേരളം ഒന്നാമതെത്തി. ആദ്യപകുതി കേരളത്തിന്റെമാത്രമായിരുന്നു. ഗോവ പ്രതിരോധിച്ചുനിന്നെങ്കിലും പെനൽറ്റിയിലൂടെ ഗോൾ വഴങ്ങി. ഷാല്ലം പിയേഴ്സ് റിസ്വാനലിയെ ബോക്സിൽ വീഴ്ത്തി. കിക്കെടുത്ത നിജോ അനായാസം പന്ത് വലയിലാക്കി. ഏഴ് ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമനാണ് തിരുവനന്തപുരത്തുകാരൻ. ലീഡ് നേടിയെങ്കിലും കളിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാനായില്ല. വിങ്ങുകളിൽ നിജോയെയും കെ കെ അബ്ദു റഹിമിനെയും ഗോവക്കാർ തളച്ചു. മധ്യനിരയിൽ വി അർജുനും താളംകിട്ടിയില്ല. മുന്നേറ്റത്തിൽ ബി നരേഷ് ഒറ്റയാനായി. പാസുകളിലും കൃത്യത കുറവായിരുന്നു. ഇതോടെ ആക്രമണം നിലച്ചു.
ഇടവേള കഴിഞ്ഞ് ഗോവൻ പരിശീലകൻ നോബർട്ടോ ഗോൺസാൽവസ് ശൈലി മാറ്റി. മധ്യനിരക്കാരൻ ഗണേഷ് താക്കൂറിനെ പിൻവലിച്ച് ഗോളടിക്കാരൻ ക്ലെൻസിയോ പിന്റോയെ കളത്തിലിറക്കി. മുന്നേറ്റത്തിൽ പിന്റോ–-ലോയ്ഡ് കാർദോസോ–-ഫഹീസ് ത്രയം ഗോവയ്ക്ക് പുത്തൻ ഊർജം നൽകി. വേഗത്തിലും ശാരീരികക്ഷമതയിലും അവർ കേരളതാരങ്ങളെ പിന്നിലാക്കി. പിന്റോയുടെ ഗോളെന്നുറച്ച ഷോട്ട് ക്യാപ്റ്റനായ ഗോളി വി മിഥുൻ തട്ടിയകറ്റി. കളിഗതിക്കെതിരെയായിരുന്നു കേരളത്തിന്റെ രണ്ടാംഗോൾ. ബോക്സിൽ നരേഷ് തൊടുത്ത പന്ത് ഗോവൻ ഗോളി ഹൻസെൽ അലിസ്റ്റർ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, മുന്നിലുണ്ടായിരുന്ന റിസ്വാനലിയുടെ കാലുകൾക്ക് പാകമായിരുന്നു പന്ത്. കേരളം–-2 ഗോവ–-0.
വലയിൽ വീണ ഗോളിൽ വിലപിച്ചില്ല ഗോവ. നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന യാഥാർഥ്യം പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ വിശ്രമമില്ലാത്ത ആക്രമണം. മൂന്നു മിനിറ്റിൽ ആദ്യഗോളെത്തി. കെ അമീന്റെ പിഴവിൽനിന്നുള്ള പെനൽറ്റി. ഫഹീസിനെ ഫൗൾ ചെയ്തു. കിക്കെടുത്തതും ഈ മധ്യനിരക്കാരൻതന്നെ. അനായാസം ലക്ഷ്യംകണ്ടു. ഒന്നടിച്ചതോടെ ഗോവയ്ക്ക് വീര്യംകൂടി. കേരളം വിറച്ചു. സുന്ദരമായ നീക്കത്തിലാണ് സമനില ഗോൾ പിറന്നത്. ഫഹീസിൽനിന്നായിരുന്നു തുടക്കം. പിന്റോയും അകേരാജ് മാർട്ടിൻസും കൂട്ടാളികളായി. കേരള പ്രതിരോധത്തെ കാഴ്ചക്കാരാക്കി മിന്നും പാസുകളിലൂടെ മൂവരും മുന്നേറി. ഒടുവിൽ ഫഹീസ് ലക്ഷ്യംകണ്ടു.
നിജോയെയും അബ്ദു റഹിമിനെയും പിൻവലിച്ച് സച്ചു സബിയെയും ഒ എം ആസിഫിനെയും വിങ്ങിൽ കൊണ്ടുവന്നതാണ് കേരളത്തിന് നിർണായകമായത്. പ്രതിരോധക്കാരനായ സച്ചുവിനെ ഇടതുവിങ്ങിലാണ് പരിശീലകൻ പി ബി രമേശ് വിന്യസിച്ചത്. ആസിഫിന്റെ വിജയഗോളിന് ക്രോസൊരുക്കി ഇടുക്കിക്കാരൻ വിശ്വാസം തെറ്റിച്ചില്ല. നാളെ കർണാടകയുമായാണ് അടുത്തമത്സരം. ഗോവ ഒഡിഷയെ നേരിടും.
പകരവേഷത്തിലെത്തി നായകനായി ആസിഫ്
കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് എഫ്എയ്ക്കായി കളിച്ചുകൊണ്ടിരിക്കെയാണ് ഒ എം ആസിഫിന് കേരള ടീമിലേക്ക് വിളിവരുന്നത്. യോഗ്യതാ റൗണ്ടിൽ പകരക്കാരുടെ പട്ടികയിലായിരുന്നു എറണാകുളത്തുകാരൻ. ഫൈനൽ റൗണ്ടിലേക്കുള്ള ടീമിൽ ആദ്യം ഉൾപ്പെട്ടുമില്ല. എം വിഘ്നേഷ് ഒഴിവായതോടെ പകരക്കാരൻ ആരെന്ന ചോദ്യമുയർന്നു. പലപേരുകളുമുണ്ടായി. പക്ഷേ പരിശീലകൻ പി ബി രമേശിന് അക്കാര്യത്തിൽ സംശയം ഒട്ടുമുണ്ടായില്ല–- ഒ എം ആസിഫ്.
ആദ്യകളിയിലും ഇരുപത്തൊന്നുകാരന് പകരക്കാരന്റെ വേഷമായിരുന്നു. 74–-ാംമിനിറ്റിൽ ആസിഫ് കളത്തിലിറങ്ങുമ്പോൾ സ്കോർ 2–-2. വലതുവിങ്ങിൽ പറന്നുകളിക്കാനായിരുന്നു കോച്ച് നിർദേശിച്ചത്. പന്ത് കിട്ടിയാൽ ഒന്നും ആലോചിക്കേണ്ട, പോസ്റ്റിലേക്ക് നിറയൊഴിക്കുക. അതുവരെ പതറിനിന്ന കേരളം ആസിഫിന്റെ വരവോടെ ഉണർന്നു. പലപ്പോഴും ഗോവൻ പ്രതിരോധക്കാർ തട്ടിവീഴ്ത്തിയെങ്കിലും തളർന്നില്ല. ചാടിയെണീറ്റ് വീണ്ടും പന്തിന്റെ പിന്നാലെയോടി. പിൻകാൽ പാസിലൂടെയും വൺടച്ചിലൂടെയുമെല്ലാം ഗോവൻ ബോക്സിൽ ആസിഫ് വിള്ളലുണ്ടാക്കി. ഒടുവിൽ 91–-ാംമിനിറ്റിൽ സച്ചു സിബി ഇടതുവശത്തുനിന്ന് നൽകിയ ക്രോസിൽ തലവച്ച് വിജയഗോളും. തൊട്ടുപിന്നാലെ ഒരുവട്ടംകൂടി പന്ത് തൊടുത്തെങ്കിലും ഗോവൻ ഗോളി രക്ഷപ്പെടുത്തി.
കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലുണ്ടായിരുന്നു ആസിഫ്. ഇതിനിടെ പരിക്ക് അലട്ടി. നിലവിൽ മുത്തൂറ്റ് എഫ്എയിൽ. മഹാരാജാസ് കോളേജിൽ ബികോം അവസാനവർഷ വിദ്യാർഥി. ഫോർട്ട് കൊച്ചി ഒറ്റമാളിയേക്കൽ മുഹമ്മദ് അഷ്റഫിന്റെയും പി എ സാജിതയുടെയും മകനാണ്.