തിരൂർ> ദേശാഭിമാനി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുറഹിമാന്റെ സ്മരണയ്ക്ക് വെട്ടം ആലിശേരി പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല ഏർപ്പെടുത്തിയ 2021ലെ പത്രപ്രവർത്തക അവാർഡുകൾ പ്രഖ്യാപിച്ചു. പത്രമാധ്യമ വിഭാഗത്തിൽ വി പി നിസാർ (മംഗളം), ദൃശ്യമാധ്യമ വിഭാഗത്തിൽ കെ പി സോഫിയ ബിന്ദ് (മീഡിയ വൺ) എന്നിവർക്കാണ് അവാർഡ്. 14ന് പകല് 3.30ന് വെട്ടം ആലിശേരിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ്ദാനം നിർവഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. പി ഹംസക്കുട്ടി, ജനറൽ കൺവീനർ പി പി നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
“ഉടലിന്റെ അഴലളവുകൾ’ പരമ്പരയ്ക്കാണ് നിസാറിന് അവാർഡ്. ‘അക്ഷരം പൂക്കാത്ത കാട്ടുചോലകൾ’ സ്റ്റോറിയാണ് കെ പി സോഫിയ ബിന്ദിനെ അവാർഡിന് അർഹയാക്കിയത്. ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന കോയ മുഹമ്മദ് ചെയർമാനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. വായനശാലയുടെ പ്രഥമ എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ സ്മാരക കായിക പ്രതിഭാ പുരസ്കാരം അണ്ടർ 19 വനിതാ ടി–-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം അംഗം സി എം സി നജ്ലയ്ക്ക് നൽകും.
10,001 രൂപയും ഫലകവുമാണ് മൂന്ന് അവാർഡും. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മുഖ്യാതിഥിയാകും. കലാപരിപാടികളും തീരം യവനികയുടെ ‘പേരില്ലാപ്പാലം’ നാടകവും അരങ്ങേറും. സി എം ജസീന, പി പി പ്രജീഷ്, എം മുരളീധരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.