ന്യൂഡൽഹി > രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണങ്ങളെക്കുറിച്ച് സ്വകാര്യ പ്രമേയ അവതരണവേളയിൽ നിശ്ശബ്ദത പാലിച്ച മുസ്ലിംലീഗ് അംഗം അബ്ദുൾ വഹാബിനെ വിമർശിച്ച് മറ്റ് പ്രതിപക്ഷ പാർടി അംഗങ്ങൾ. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന സ്വകാര്യ പ്രമേയമാണ് അബ്ദുൾ വഹാബ് അവതരിപ്പിച്ചത്. എന്നാൽ, സംഘപരിവാർ ആക്രമണങ്ങളെക്കുറിച്ചും മോദി സർക്കാരിന്റെ അവഗണനയെക്കുറിച്ചും മിണ്ടിയില്ല.
പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച ജോൺ ബ്രിട്ടാസ് (സിപിഐ എം), മനോജ് ഝാ (ആർജെഡി), ജവഹർ സിർകർ (തൃണമൂൽ) തുടങ്ങിയ പ്രതിപക്ഷ എംപിമാർ സംഘപരിവാറിനോട് മുസ്ലിംലീഗ് എംപി പുലർത്തിയ മൃദുസമീപനത്തെ വിമർശിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ കനത്ത ആക്രമണം നേരിടുകയാണെന്നും അത് ഉന്നയിക്കാൻ എന്തുകൊണ്ടാണ് മടിക്കുന്നതെന്നും ബ്രിട്ടാസ് ആരാഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. അത് പറയാനും ലീഗ് എംപിക്ക് മടിയാണ്. എന്നാൽ, മന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയുമെല്ലാം കേരളത്തിന്റെ അംബാസഡർമാരായി അവതരിപ്പിക്കാൻ മടിയുമില്ല –- ബ്രിട്ടാസ് പറഞ്ഞു.