കാലടി> ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ദളിത് ബന്ധു എൻ. കെ. ജോസിന്റെ പേരിൽ ആർക്കൈവ് ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു.
സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും ആർക്കൈവ് ഒരുങ്ങുക. ദളിത് ബന്ധു എൻ. കെ. ജോസിന്റെ കയ്യെഴുത്തുപ്രതികൾ, കത്തുകൾ, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവ്വങ്ങളായ പുസ്തകങ്ങൾ എന്നിവയാണ് ശേഖരിച്ച് സംരക്ഷിക്കുക. കൂടാതെ ദളിത് ബന്ധു എൻ.കെ. ജോസിന്റെ പേരിൽ എല്ലാ വർഷവും എറുഡൈറ്റ് വാർഷിക പ്രഭാഷണം സംഘടിപ്പിക്കും. പൊതുജനങ്ങൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിധം ആർക്കൈവ് പ്രവർത്തിക്കും, പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.
ദളിത് ബന്ധു എൻ.കെ. ജോസ് ആർക്കൈവിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 11ന് രാവിലെ 11ന് വൈക്കത്തുളള അദ്ദേഹത്തിന്റെ ഭവനത്തിൽ നടക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, സോഷ്യൽ സയൻസ് വിഭാഗം ഡീൻ പ്രൊഫ. സനൽ മോഹൻ, ചരിത്രകാരൻ ഡോ. പി. കെ. മൈക്കിൾ തരകൻ, ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ. എം. ഷീബ, പ്രൊഫ. എൻ. ജെ. ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.