ഭുവനേശ്വർ
കളവും പടയാളികളും തയ്യാർ. ചാമ്പ്യൻമാർ ഇന്നിറങ്ങുന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ നിലനിർത്താനുള്ള കേരളത്തിന്റെ ‘മിഷൻ ഒഡിഷ’യ്ക്ക് തുടക്കം. അഞ്ചുവട്ടം ജേതാക്കളായ ഗോവയാണ് മുന്നിൽ. ഭുവനേശ്വറിലെ ക്യാപിറ്റൽ അരീനയിൽ രാവിലെ ഒമ്പതിനാണ് ബലപരീക്ഷണം. ഫൈനൽ റൗണ്ടിലെ ഉദ്ഘാടന മത്സരം കൂടിയാണിത്.
എട്ടാം കിരീടത്തിൽ കണ്ണുവച്ചാണ് കേരളം കളത്തിലെത്തുന്നത്. യുവനിരയിലാണ് പ്രതീക്ഷ. പരിശീലകൻ പി ബി രമേശിനുകീഴിൽ യോഗ്യതാഘട്ടത്തിൽ ഗോൾവർഷിച്ചാണ് വരവ്. അഞ്ച് കളിയിലും എതിരാളിയെ കെട്ടുകെട്ടിച്ചു. ഗോളടിക്കാൻ മാത്രമല്ല വഴങ്ങാതിരിക്കുന്നതിലും മിടുക്ക് കാട്ടി. 24 ഗോളടിച്ചപ്പോൾ ഏറ്റുവാങ്ങിയത് രണ്ടെണ്ണം മാത്രം. വിജയഫോർമുല തുടരുമെന്ന് പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. ഗോൾവലയ്ക്കുകീഴിൽ വിശ്വസ്തനായ ക്യാപ്റ്റൻ വി മിഥുനാണ്. ഈ കണ്ണൂരുകാരന്റെ എട്ടാം സന്തോഷ് ട്രോഫിയാണിത്. പ്രതിരോധഹൃദയം കാക്കുന്ന ചുമതല എം മനോജിനും കെ അമീനുമാണ്.
കെഎസ്ഇബിയുടെ മുഹമ്മദ് സലീം ഇടതുഭാഗത്തും കേരള പൊലീസിന്റെ ജി സഞ്ജു വലതുഭാഗത്തും അണിനിരക്കും. മധ്യനിരയുടെ കടിഞ്ഞാൺ ഹൃഷിദത്തും ഗിഫ്റ്റി സി ഗ്രേഷ്യസും ഏറ്റെടുക്കും. ഒപ്പം ഇരുവിങ്ങുകളിലുമായി നിജോ ഗിൽബർട്ടും കെ കെ അബ്ദു റഹീമും ആക്രമണത്തിന്റെ പാത തുറക്കും. റിസ്വാൻ അലി അറ്റാക്കിങ് മിഡ്ഫീൽഡറുടെ വേഷത്തിലെത്തുമ്പോൾ ഗോളടിക്കാനുള്ള ചുമതല ബി നരേഷിനാണ്.
ഭുവനേശ്വറിലെ കാലാവസ്ഥ വെല്ലുവിളിയല്ല. കേരളത്തിൽ നിലവിലുള്ള അതേ അന്തരീക്ഷംതന്നെ. 32 ഡിഗ്രിയാണ് താപനില. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ പടക്കുതിരകളായിരുന്ന ഗോവ തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ്. 2009ലെ കിരീടവിജയശേഷം എടുത്തുപറയാൻ നേട്ടങ്ങളൊന്നുമില്ല. നോർബർട്ടോ ഗോൺസാലസിനുകീഴിൽ മികച്ച അക്കാദമി താരങ്ങളുമായാണ് വരവ്. യോഗ്യതാ റൗണ്ടിൽ അഞ്ച് കളിയിൽ മൂന്നിൽ ജയിച്ചു. രണ്ട് സമനിലയുമുണ്ട്. എട്ട് ഗോൾ മാത്രമാണ് നേടിയത്. മുന്നേറ്റനിരയുടെ മൂർച്ചയില്ലായ്മയാണ് ക്ഷീണിപ്പിക്കുന്നത്. ത്രിജോയ് ഡയസ്, മുഹമ്മദ് ഫഹീസ് എന്നിവരാണ് പ്രധാന താരങ്ങൾ. ഇന്ന് ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങളിൽ എട്ടുതവണ ജേതാക്കളായ പഞ്ചാബ് കർണാടകത്തെ നേരിടും. ആതിഥേയരായ ഒഡിഷയും മഹാരാഷ്ട്രയും തമ്മിലാണ് മറ്റൊരു കളി.
ഫൈനൽ മാർച്ച് നാലിന്
സൗദിയിൽ
സൗദി അറേബ്യ വേദിയാകുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ മാർച്ച് നാലിന്. സെമി, ലൂസേഴ്സ് ഫൈനൽ മാർച്ച് ഒന്നുമുതൽ മൂന്നുവരെ നടക്കും. റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ 80,000 പേർക്ക് കളി കാണാം. ആദ്യമായാണ് സന്തോഷ്ട്രോഫി മത്സരങ്ങൾ രാജ്യത്തിന് പുറത്ത് നടക്കുന്നത്. ഫെബ്രുവരി 20ന് ഫൈനൽ റൗണ്ട് അവസാനിക്കും. രണ്ട് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ഈ ടീമുകൾ ഭുവനേശ്വറിൽനിന്ന് നേരിട്ട് സൗദിയിലേക്ക് പോകും.കലിംഗ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനാണ് മത്സരത്തീയതി പ്രഖ്യാപിച്ചത്.