കണ്ണൂർ
ഉടമയിൽനിന്ന് നഷ്ടപരിഹാരം കിട്ടാതെ വീടൊഴിയില്ലെന്ന് പുതിയതെരുവിലെ വാടകക്കെട്ടിടത്തിൽ കഴിയുന്ന വലിയപറമ്പത്ത് വേലായുധൻ. കെ വി സുമേഷ് എംഎൽഎയും ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതിയും സന്ദർശിച്ചപ്പോഴാണ് വേലായുധൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, മലയാള മനോരമ അവതരിപ്പിച്ച ‘നരകതുല്യ ജീവിതം’ പെരുംനുണയാണെന്ന് വീണ്ടും തുറന്നുകാട്ടപ്പെട്ടു.
പുതിയതെരുവിലെ ഇരുട്ടുമുറിയിൽ ജീവിക്കുന്ന വേലായുധൻ, ഭാര്യ ശാന്ത, ഭിന്നശേഷിക്കാരനായ മകൻ സുധീഷ്, സഹോദരി ചന്ദ്രിക എന്നിവർ സർക്കാരിന്റെ കടുത്ത അവഗണന നേരിടുന്നുവെന്നാണ് മനോരമ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർത്ത. ഇരുനില കോൺക്രീറ്റ് വീടുണ്ടെന്ന സത്യം മറച്ചുവച്ച്, വേലായുധനെയും കുടുംബത്തെയും മനോരമ ‘ദുരിതക്കയത്തിലാക്കി’യതോടെയാണ് സംഭവം വിവാദമായത്. മനോരമയുടെ കെട്ടുകഥ പൊളിച്ചതിനൊപ്പം യഥാർഥ വസ്തുത എന്തെന്നും ‘ദേശാഭിമാനി’ തുറന്നുകാട്ടി. സംഭവം വിവാദമായതോടെയാണ് ജനപ്രതിനിധികൾ കുടുംബത്തെ സന്ദർശിച്ചത്.
പുതിയതെരുവിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ വേലായുധന്റെ ഭാര്യയുടെപേരിലുള്ള സ്ഥലത്ത് സ്വന്തമായി ഇരുനില കോൺക്രീറ്റ് വീടുണ്ടെന്നും ജോലിചെയ്യുന്ന മറ്റ് രണ്ടു മക്കളുണ്ടെന്നുമുള്ള സത്യാവസ്ഥയാണ് ‘ദേശാഭിമാനി’ പുറത്തുകൊണ്ടുവന്നത്. സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി സൗജന്യ റേഷൻ, മരുന്ന്, പരിചരണം എന്നിവയും കുടുംബത്തിന് ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രദേശത്തെ പൊതുപ്രവർത്തകരും ജനപ്രതിനിധികളുമുൾപ്പടെ അഭ്യർഥിച്ചിട്ടും അരയമ്പേത്തെ വീട്ടിലേക്ക് മാറാൻ വേലായുധൻ തയ്യാറായിരുന്നില്ല. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വളന്റിയർമാർ അരയമ്പേത്തെ വീട് പൂർണമായും ശുചീകരിച്ച് താമസംമാറാൻ ആവശ്യപ്പെട്ടിട്ടും, ഭിന്നശേഷിക്കാരനായ മകന് വീടുമാറാൻ താൽപ്പര്യമില്ലെന്നാണ് വേലായുധൻ എല്ലാവരോടും പറഞ്ഞത്.