കൊച്ചി
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മെഡിക്കൽ കോളേജിലെ ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് പരിശോധിച്ചുതുടങ്ങി. ബന്ധപ്പെട്ട മുഴുവൻ രേഖകളും സിസിടിവി ദൃശ്യങ്ങളുമാണ് പൊലീസ് ശേഖരിച്ചത്. ജനന വിവരങ്ങൾ സൂക്ഷിക്കുന്ന കംപ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകളും പൊലീസ് ആവശ്യപ്പെട്ടു.
കേസിൽ കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാർ, നഗരസഭാ കിയോസ്ക് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി രഹ്ന എന്നിവർമാത്രമാണ് ഇപ്പോൾ പ്രതികൾ. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഫയലുകളും സിസിടിവി ദൃശ്യങ്ങളും സംശയമുള്ളവരുടെ ഫോൺ സന്ദേശങ്ങളും പരിശോധിച്ചതിനുശേഷം കൂടുതൽപേരെ പ്രതി ചേർക്കണമോയെന്ന് ആലോചിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃക്കാക്കര എസിപി പറഞ്ഞു.
വ്യാജ മേൽവിലാസത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിലും ജനന സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിലും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനൊപ്പം ശിശുക്ഷേമ സമിതിയുടെയും(സിഡബ്ല്യുസി) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും അന്വേഷണം നടക്കുന്നുണ്ട്. കുഞ്ഞിനെ അനധികൃതമായി കൈവശംവച്ച അനൂപ്കുമാറും ഭാര്യയും മുൻകൂർ ജാമ്യഹർജി നൽകി. തങ്ങൾക്ക് കുട്ടികളില്ലാത്തതിനാലാണ് കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. കേസുമായി സഹകരിക്കുമെന്ന് ഇവർ ഹർജിയിൽ പറയുന്നു.
സാമ്പത്തിക ഇടപാടില്ലെന്ന് കുഞ്ഞിന്റെ അച്ഛൻ
കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ അവകാശവാദവുമായി കുഞ്ഞിന്റെ അച്ഛൻ. കുഞ്ഞിനെ കൈമാറിയത് സ്വമേധയായാണ്, സാമ്പത്തിക ഇടപാടില്ല. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ലെന്നും കുഞ്ഞിനെ സംരക്ഷിക്കാൻ സാമ്പത്തിക പ്രയാസമുണ്ടായെന്നും യുവാവ് പറഞ്ഞു. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യതീരുമാനം. അതിന് ചർച്ച നടക്കുന്നതിനിടെയാണ് കുഞ്ഞിനെ വളർത്താൻ അനൂപ് തയ്യാറാണെന്ന് സുഹൃത്ത് മുഖാന്തരം അറിഞ്ഞത്. മാനുഷിക പരിഗണനകൊണ്ടാണ് കുഞ്ഞിനെ കൈമാറിയത്. ഇത്ര നിയമപ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവാവ് പറയുന്നു. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെ പരിചയമില്ല. കുഞ്ഞിന്റെ അമ്മ സംസ്ഥാനം വിട്ടിട്ടില്ല. പ്രസവസമയത്ത് ആശുപത്രിയിൽ നൽകിയത് വാടകവീട്ടിലെ വിലാസമാണ്. ശിശുക്ഷേമ സമിതിക്ക് വിശദമൊഴി നൽകിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.