തിരുവനന്തപുരം
വിമാനത്താവളത്തിന്റെ പുറത്തിറങ്ങിയപ്പോൾ ആകാശം കീഴടക്കിയതിന്റെ സന്തോഷമായിരുന്നു 11 കുരുന്നുകളുടെയും മുഖത്ത്. മേഘങ്ങൾക്കിടയിലൂടെയുള്ള ആദ്യയാത്രയുടെ കൗതുകവും വിമാനത്തിന്റെ ജനാലയിലൂടെ കണ്ട കാഴ്ചകളും പരസ്പരം പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു ഓരോരുത്തരും.
കാസർകോഡ് മൂളിയാർ കുടുംബശ്രീ സിഡിഎസിലെ ബാലസഭാംഗങ്ങളാണ് കുടുംബശ്രീചേച്ചിമാരുടെ കൈപിടിച്ച് വിമാനത്തിൽ പറന്നുയർന്നത്. കുട്ടിസംഘം കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കാണ് വിമാനയാത്രനടത്തിയത്. നിയമസഭയും ശംഖുംമുഖവും ലുലുമാളും മ്യൂസിയവും മൃഗശാലയുമെല്ലാം കണ്ടാണ് സംഘം മടങ്ങിയത്. കുടുംബശ്രീ സംസ്ഥാന മിഷനിലെത്തി എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിനെയും സന്ദർശിച്ചു. ബാലസഭയുടെ ഭാവി പ്രവർത്തന റിപ്പോർട്ടും കൈമാറി. ട്രെയിൻയാത്ര ആസ്വദിച്ചായിരുന്നു കുട്ടിക്കൂട്ടത്തിന്റെ മടക്കം. മൂളിയാർ സിഡിഎസ് ചെയർപേഴ്സൺ ഖൈറുന്നിസ, ശ്രീനേഷ്, പി എസ് സക്കീന, എൻ ബിനുമോൻ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. കെഎസ്ഇബി എംപ്ലോയീസ് യൂണിയനാണ് സംഘത്തിന് താമസസൗകര്യമൊരുക്കിയത്. യാത്രാചെലവുകൾ സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.