തിരുവനന്തപുരം
പ്രധാന പാതകളിൽ ഓരോ 25 കിലോമീറ്ററിലും ഇലക്ട്രിക് വെഹിക്കൾ(ഇവി) ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ദേശീയ, സംസ്ഥാന പാതകളിൽ അനെർട്ടായിരിക്കും സ്ഥാപിക്കുക. നിലവിൽ 78 ചാർജിങ് സറ്റേഷനുണ്ട്. 63 എണ്ണം വൈദ്യുതി ബോർഡും 15 എണ്ണം അനെർട്ടും സ്ഥാപിച്ചു. ഏഴിടത്ത് നിർമാണം പുരോഗമിക്കുന്നു. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾക്കായി 1166 പോൾ മൗണ്ടഡ് ചാർജിങ് സംവിധാനം വൈദ്യുതിത്തൂണുകളിൽ സ്ഥാപിച്ചു. 984 എണ്ണം പ്രവർത്തനം തുടങ്ങി. സ്വകാര്യ ഹോട്ടലുകളിൽ ഉൾപ്പെടെ നാലെണ്ണം തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട കെഎസ്ആർടിസി ബസ്സ്റ്റാൻഡുകൾ, പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും പദ്ധതിയുണ്ട്. 14 എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളിലും സ്റ്റേഷൻ ഉറപ്പാക്കും. കലൂർ സബ് സ്റ്റേഷൻ പരിസരത്ത് സൗരോർജാധിഷ്ഠിത അതിവേഗ ചാർജിങ് ഹബ് നിർമിക്കും. 120 കിലോവാട്ട് ശേഷിയുള്ള 10 സിസിഎസ്–-2 ചാർജറുകൾ ഇവിടെ ഉറപ്പാക്കുന്നു. റീചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതിന് ഓൺലൈൻ പണം അടയ്ക്കലിന് കെംആപ് (കെഇഎം ആപ്) മൊബൈൽ ആപ്ലിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിൽ സജ്ജമാകും.
പാട്ടത്തിന് ഭൂമി നൽകാം
ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ അനെർട്ട് പാട്ടത്തിന് ഭൂമി ഏറ്റെടുക്കും. കഫ്റ്റീരിയയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റൽ സൗകര്യവുമുള്ള 1000 ചതുരശ്രയടി ഭൂമിയാണ് 10 വർഷ പാട്ടത്തിൽ പദ്ധതിക്കായി ആവശ്യപ്പെടുന്നത്. ഒരു യൂണിറ്റ് വൈദ്യുതിക്ക് ഒരുരൂപ നിരക്കിലാണ് തറവാടക ലഭിക്കുക. വൈദ്യുത കാർ ഉടമകൾക്ക് ഇവി ചാർജിങ് മെഷീനൊപ്പം സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കും. ഒരു കിലോവാട്ട് ശേഷിയുള്ള പാനലിന് 20,000 രൂപയാണ് സഹായം. 50 കിലോവാട്ട് ശേഷിയുള്ള സ്റ്റേഷനുകൾക്ക് 10 ലക്ഷം രൂപവരെ സബ്സിഡിയുണ്ട്.