കാസർകോട്
കേരളത്തെ ഇളക്കിമറിച്ച നിരവധി ചരിത്രജാഥകൾക്ക് തുടക്കം കുറിച്ച കാസർകോട്ടുനിന്ന് മറ്റൊരു രാഷ്ട്രീയമുന്നേറ്റത്തിനുകൂടി തുടക്കമാകുന്നു. 20ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽനിന്ന് പ്രയാണം തുടങ്ങുന്ന, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ അവിസ്മരണീയമാക്കാനുള്ള പ്രവർത്തനമാണ് ജില്ലയിലെങ്ങും നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകളും കേരളത്തോടുള്ള അവഗണനയും ജാഥയിൽ ചർച്ചയാക്കും. നവകേരള സൃഷ്ടിക്കായി എൽഡിഎഫ് സർക്കാർ തുടരുന്ന വികസന നയങ്ങളും ജനങ്ങളോട് വശിദീകരിക്കും.
പി കെ ബിജുവാണ് ജാഥാ മാനേജർ. സി എസ് സുജാത, എം സ്വരാജ്, ജയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ സ്ഥിരാംഗങ്ങളും. 20ന് കാസർകോട് ചെർക്കളയിലും സ്വീകരണമുണ്ടാകും. 21ന് വൈകിട്ട് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 140 മണ്ഡലത്തിലും പര്യടനം നടത്തുന്ന ജാഥ മാർച്ച് 31ന് തലസ്ഥാന ജില്ലയിൽ സമാപിക്കും. കാസർകോട്, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ രണ്ട് ദിവസവും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മൂന്ന് ദിവസവും മലപ്പുറത്ത് നാലുദിവസവുമാണ് ജാഥ പര്യടനം നടത്തുന്നത്.
കാസർകോട് ജില്ലയിൽ അഞ്ചിടത്താണ് സ്വീകരണം. കലാപരിപാടികൾ ഉൾപ്പെടെ അനുബന്ധ പരിപാടികളുമുണ്ടാകും.എല്ലാ കേന്ദ്രങ്ങളിലും സംഘാടകസമിതി രൂപീകരിച്ചു. ചുവപ്പു വളന്റിയർമാർക്കുള്ള പരിശീലനവും തുടങ്ങി. ജില്ലാതല സാഹിത്യരചനാ മത്സരം, നവമാധ്യമ പ്രചാരണ മത്സരം, ഫോട്ടോഗ്രഫി മത്സരം, ക്വിസ്, ഗാനമേള തുടങ്ങിയ പരിപാടികളും ആസൂത്രണംചെയ്തു. പോസ്റ്റർ, മതിലെഴുത്ത്, കുടിൽ അടക്കമുള്ള പ്രചാരണങ്ങളും തയ്യാറാകുന്നു.