തിരുവനന്തപുരം
സംസ്ഥാന ബജറ്റിനെതിരെ ഇല്ലാത്ത ‘ആളൽ’ ഉണ്ടാക്കി മനോരമ, പ്രതിപക്ഷം ‘ഭായി ഭായി’ എന്ന് ബിജെപി പത്രം. ജനക്ഷേമ നടപടികൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ വരുമാനം വർധിപ്പിക്കുന്നതിന് ഉറച്ച തീരുമാനമെടുത്ത സർക്കാരിന്റെ ഇച്ഛാശക്തി കണ്ടില്ലെന്ന് നടിച്ച് ഇരുകൂട്ടരും. ബജറ്റിലെ നികുതി നിർദേശങ്ങളിൽ സംസ്ഥാനത്ത് പ്രതിഷേധം ആളുന്നുവെന്നും കൂട്ട ആഘാതമായെന്നുമാണ് മനോരമ എഡിറ്റോറിയൽ. കേരളത്തെ നോക്കിയാണോ ഇതൊക്കെ എഴുതിയതെന്നായിരിക്കും ജനത്തിന് സംശയം. ബജറ്റ് അവതരിപ്പിച്ചിട്ട് ഇത്രയും ദിവസമായിട്ടും പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരല്ലാതെ, ജനം ആളിയിട്ടുമില്ല, കത്തിയിട്ടുമില്ല. ‘ജനം പാടേ തോറ്റു’ എന്ന് എഴുതിയവർക്ക് നന്നായറിയാം തോറ്റത് പ്രതിപക്ഷമാണെന്ന്. ആ ജാള്യം മറയ്ക്കാൻ ആഘാതം, നെഞ്ചിലെ ആകുലത എന്നിങ്ങനെ കടുത്ത വാക്കുകൾ ഉപയോഗിച്ച് സ്വയം സംതൃപ്തിയടയുന്നു.
കേരളത്തെ അവഗണിച്ച് ചവറ്റുകുട്ടയിലിട്ട കേന്ദ്ര ബജറ്റ് വേളയിൽ കാണിക്കാത്ത രോഷം, 61 ലക്ഷം കുടുംബത്തിൽ പെൻഷനെത്തിക്കുന്നതടക്കമുള്ള ജനകീയ പദ്ധതികളെ തകർക്കാനുള്ള ഉത്സാഹമാകുന്നു. ബിജെപി വാദങ്ങൾ ഏറ്റുപിടിച്ച് നിയമസഭയിൽ വി ഡി സതീശനും കൂട്ടരും ഉന്നയിച്ചതിനുള്ള പൂച്ചെണ്ടാണ് ബിജെപി മുഖപത്രം ജന്മഭൂമിയുടെ പ്രധാന വാർത്ത. അംഗങ്ങളില്ലാത്ത തങ്ങൾക്കുവേണ്ടി കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും വാദങ്ങൾ വള്ളിപുള്ളി തെറ്റാതെ നിയമസഭയിൽ അവതരിപ്പിച്ചതിനുള്ള ‘നന്ദിപ്രമേയ’മിങ്ങനെ; ‘‘ജിഎസ്ടി പുനഃസംഘടന വൈകിയതും ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്ക് എത്തിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന വിവരം ശേഖരിക്കാനാകാത്തതുമാണ് അർഹമായ ജിഎസ്ടി ലഭിക്കാത്തതിനു കാരണമെന്ന് പ്രതിപക്ഷം തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടി’’–- ജന്മഭൂമി എഴുതി. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും പലപ്പോഴായി പുറത്തുവിട്ട പാഴ്രേഖകൾ തന്നെയാണ് സതീശന്റെ ‘തെളിവുകൾ’ എന്നും ബിജെപി പത്രം വ്യക്തമാക്കുന്നു.