തിരുവനന്തപുരം
നടപടി ക്രമങ്ങൾ അലങ്കോലപ്പെടുത്തി വ്യാഴാഴ്ചയും നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്പീക്കറുടെ കാഴ്ച മറച്ച് ബാനർ കെട്ടിയും ഡയസിലേക്ക് വലിഞ്ഞുകയറിയും സഭാനടപടികൾ അലങ്കോലമാക്കിയതോടെ ചോദ്യോത്തരവേള പകുതിയിൽ റദ്ദാക്കി മറ്റു നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. നികുതി നിർദേശങ്ങൾ പിൻവലിച്ചില്ലെന്നും സത്യഗ്രഹമിരുന്ന എംഎൽഎമാരെ ധനമന്ത്രി പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.
രാവിലെ ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. സ്പീക്കർ എ എൻ ഷംസീർ ചെയറിലെത്തിയ ഉടൻ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. സഭാകവാടത്തിൽ സമരംചെയ്യുന്നവരെ പരിഹസിച്ചതിനാൽ സഭാനടപടികളുമായി യോജിച്ചുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറ്റു പ്രതിപക്ഷാംഗങ്ങൾ ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. ഇതിനിടെ, ചോദ്യോത്തരവേളയിൽ മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു. ബഹളം രൂക്ഷമായതോടെ സീറ്റിലേക്ക് മടങ്ങാൻ സ്പീക്കർ പലതവണ നിർദേശിച്ചെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ഭക്ഷ്യസുരക്ഷയെന്ന സുപ്രധാന വിഷയത്തിനാണ് മറുപടി പറയുന്നതെന്നും അംഗങ്ങളെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് മുൻകൈയെടുക്കണമെന്നും സ്പീക്കർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചോദ്യോത്തരവേള റദ്ദുചെയ്യുന്നതാണ് പതിവെന്ന് വി ഡി സതീശൻ പറഞ്ഞു. സ്പീക്കർ അതിന് തയ്യാറായില്ല. പ്രതിപക്ഷാംഗങ്ങൾ ചെയറിനെ മറയ്ക്കുകയാണെന്നും ഇതുവരെയുണ്ടാകാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനിടെ അൻവർ സാദത്ത്, ടി വി ഇബ്രാഹിം, ഐ സി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്പീക്കറുടെ ഡയസിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. ഇതിനെ പ്രതിപക്ഷ നേതാവ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. പിന്നാലെ 9.28ന് ചോദ്യോത്തരവേളയുടെ ശേഷിക്കുന്ന ഭാഗം റദ്ദാക്കിയതായി സ്പീക്കർ അറിയിച്ചു.
കാലികപ്രസക്തമായ വിഷയങ്ങളിലെ മറുപടി ശ്രദ്ധിക്കാതെ, നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും മറുപടിയും മേശപ്പുറത്ത് വച്ചു. ബജറ്റിന്റെ ഉപധനാഭ്യർഥനകളും പാസാക്കി 9.50ന് പിരിഞ്ഞു. 27ന് വീണ്ടും സഭ ചേരും.