ന്യൂഡൽഹി
സഹോദരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ 36 വർഷത്തിനുശേഷം മലയാളിയെ സുപ്രീംകോടതി മോചിപ്പിച്ചു. 1987ൽ മധ്യപ്രദേശിലെ ദന്തേവാഡയിൽ (നിലവിൽ ഛത്തീസ്ഗഢിൽ) സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രമൻനായരെ ജസ്റ്റിസുമാരായ ഭൂഷൺഗവായ്, വിക്രംനാഥ് എന്നിവർ അംഗങ്ങളായ ബെഞ്ചാണ് മോചിപ്പിച്ചത്.
ബൈകുന്താപുരിലാണ് വിക്രമൻനായരും വിജയകുമാറും ജോലി ചെയ്തിരുന്നത്. 36 വർഷത്തിനുമുമ്പ് നരേഷ് എന്നയാളുടെ ചായക്കടയിലുണ്ടായ തർക്കത്തിനൊടുവിൽ വിക്രമൻനായർ വിജയകുമാറിനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബൈകുന്താപുർ കോടതി വിക്രമൻനായർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2010ൽ വിക്രമൻനായർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കൊലപാതക കുറ്റം ഒഴിവാക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ മാത്രമേ നിലനിൽക്കുള്ളൂവെന്ന നിലപാടിൽ കോടതി എത്തിച്ചേർന്നു. ഇതിനുള്ള ജയിൽശിക്ഷ ഇതിനോടകം അനുഭവിച്ചതിനാൽ മോചനത്തിന് വഴിയൊരുങ്ങി.