ന്യൂഡൽഹി
രാജ്യത്തെ പശ്ചാത്തലസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പിഎം ഗതിശക്തി പദ്ധതിയിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ടിട്ടുള്ളത് മൂന്ന് പദ്ധതിയാണെന്ന് വാണിജ്യ–- വ്യവസായ സഹമന്ത്രി സോംപ്രകാശ് പാർലമെന്റിൽ അറിയിച്ചു. കേരളത്തിലെ മൂന്ന് പദ്ധതിയിൽ പ്രധാനം പാലക്കാട്ടെ സംയോജിത ഉൽപ്പന്നനിർമാണ ക്ലസ്റ്ററിന്റെ വികസനമാണ്. ചെന്നൈ–- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിയുടെ നിർമാണച്ചുമതല ദേശീയ വ്യവസായ ഇടനാഴി വികസന കോർപറേഷനാണ്.
ദേശീയപാത 66ലെ അരൂർമുതൽ തുറവൂർ തെക്കുവരെ ആറുവരി എലിവേറ്റഡ് കൊറിഡോർ പദ്ധതിയും ഗതിശക്തിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 12.75 കോടി രൂപ മുതൽമുടക്കിലുള്ള പദ്ധതിയിൽ നിലവിലെ നാലുവരി പാതയുടെ വികസനവും ഉൾപ്പെടുന്നു. തുറവൂർമുതൽ അമ്പലപ്പുഴവരെയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലാണ് ഗതിശക്തിയിൽ ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ മൂന്നാമത്തെ പദ്ധതി.