തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ എൽഡിഎഫ് ഭരണത്തിൽ നേടിയത് വൻകുതിപ്പ്. യുഡിഎഫ് ഭരണ കാലത്ത് 131. 6 കോടി നഷ്ടത്തിലായിരുന്നത് ഈ വർഷം പ്രവർത്തനലാഭം 386.05 കോടിയായി ഉയർന്നു. വ്യവസായ വകുപ്പിനു കീഴിലെ 42 പൊതുമേഖലാ സ്ഥാപനത്തിൽ 21 എണ്ണം 2021–-22ൽ പ്രവർത്തനലാഭം നേടി. യുഡിഎഫ് സർക്കാരിന്റെ അവസാനവർഷം 2015–-16ൽ എട്ടു സ്ഥാപനം മാത്രമായിരുന്നു ലാഭത്തിൽ. ആറുവർഷംകൊണ്ടാണ് ഇത് 21 ലേക്ക് കുതിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131. 6 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷംതന്നെ നഷ്ടം 71 കോടിയാക്കി കുറച്ചു. തുടർന്ന് പടിപടിയായി ലാഭം ഉയർത്തി . 3892.14 കോടിയുടെ റെക്കോഡ് വിറ്റുവരവും സ്വന്തമാക്കി. മുൻവർഷത്തേക്കാൾ 17.8 ശതമാനം വർധനയുണ്ടായി.
കെഎംഎംഎൽ, ടിസിസി, കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം എന്നിവയാണ് ഈവർഷം ഏറ്റവും കൂടുതൽ ലാഭം കരസ്ഥമാക്കിയത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ടെക്സ്റ്റൈൽ മില്ലുകളും ലാഭം രേഖപ്പെടുത്തി തുടങ്ങി. 17 മില്ലിൽ അഞ്ചെണ്ണം പ്രവർത്തനലാഭം നേടിയപ്പോൾ മറ്റുള്ളവ നഷ്ടം ഗണ്യമായി കുറച്ചു.
കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച കോട്ടയം എച്ച്എൻഎൽ ഈ കാലയളവിൽ സംസ്ഥാനം വില നൽകി ഏറ്റെടുത്ത് കേരള പേപ്പർ ലിമിറ്റഡ് കമ്പനി ആരംഭിച്ചു. ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഭെൽ–- ഇഎംഎല്ലും സംസ്ഥാനം ഏറ്റെടുത്തു. ഇവിടെയും ഉൽപ്പാദനം ഉടൻ ആരംഭിക്കും. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നവീകരണത്തിനും വൈവിധ്യവൽക്കരണത്തിനുമായി മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.