കഴക്കൂട്ടം
രണ്ടാമത് സംസ്ഥാന സെൻട്രൽ സ്കൂൾ അത്ലറ്റിക്സ് മേള കാര്യവട്ടത്തെ സായ് എൽഎൻസിപിഇ ഗ്രൗണ്ടിൽ സ്പോർട്സ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സ്കൂൾ കായിക മത്സരങ്ങളിലെ മികവിന് ഗ്രേസ് മാർക്ക് അനുവദിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെ കൂടുതലായി സ്പോർട്സിലേക്ക് ആകർഷിക്കാനും അവരിൽനിന്നു മികച്ച കായികതാരങ്ങളുണ്ടാകാനും ഗ്രേസ് മാർക്ക് ആവശ്യമാണ്–- മന്ത്രി പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി അധ്യക്ഷനായി. വ്യാഴാഴ്ച്ച മൽസരം നടന്ന 13 ഇനങ്ങളിൽ എറണാകുളം –-63, തിരുവനന്തപുരം–-32, തൃശ്ശൂർ–-31 എന്നിങ്ങനെയാണ് പോയിന്റ് നില.
കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ , ഐസിഎസ്ഇ , ജവഹർ നവോദയ വിദ്യാലയങ്ങളിലെ 847 കുട്ടികളാണ് പങ്കെടുക്കുന്നത്. അണ്ടർ 17, അണ്ടർ 14 വിഭാഗത്തിലായി 14 ജില്ലയിലും നടത്തിയ സെലക്ഷൻ ട്രയൽസിൽ ഓരോ ഇനത്തിലും ആദ്യ മൂന്നു സ്ഥാനം നേടിയവരാണ് എത്തിയിട്ടുള്ളത്. സംസ്ഥാന സ്പോർട്സ് കൗൺസിലാണ് കായികമേള നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് സമാപനസമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.