കരുനാഗപ്പള്ളി
ആഴത്തിലുള്ള പഠനമില്ലാതെ പൊള്ളയായ സമൂഹത്തെ സൃഷ്ടിക്കുകയാണ് ഫാസിസം പുതിയകാലത്ത് ചെയ്യുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം. എ പി കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ വിജ്ഞാനത്തെ ഹിന്ദുത്വത്തിന്റെ വിജ്ഞാന നിലവാരത്തിലേക്ക് താഴ്ത്തുകയാണ് ഹിന്ദുത്വ ശക്തികൾ. ചരിത്രം എന്നാൽ, ഭൂതകാലത്തെ കുറിച്ചുള്ള കെട്ടുകഥകളും വർഗീയതയെ ഉറപ്പിച്ചുനിർത്തിയ അനുഭവങ്ങളുമാണെന്ന് വരുത്തിത്തീർക്കുന്നുവെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
യോഗം ദേശാഭിമാനി വാരിക പത്രാധിപർ കെ പി മോഹനൻ ഉദ്ഘാടനംചെയ്തു. എ പി കളയ്ക്കാട് പുരസ്കാരം അദ്ദേഹം കൈമാറി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ പ്രശസ്തിപത്രം വായിച്ചു. സി ഉണ്ണിക്കൃഷ്ണൻ പുസ്തക പരിചയം നടത്തി. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. വി എൻ മുരളി അധ്യക്ഷനായി. വി പി ജയപ്രകാശ് മേനോൻ സ്വാഗതം പറഞ്ഞു. സലാം പനച്ചുംമൂട് രചനയും സംവിധാനവും നിർവഹിച്ച ഷാജി ഇബ്രാഹിം അവതരിപ്പിച്ച ‘തിരസ്കൃതന്റെ സാക്ഷ്യപത്രം’ ഏകപാത്ര നാടകം അരങ്ങേറി.