തൃശൂർ
കാര്യമായ പ്രതികരണമില്ലാതെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അഞ്ചാം ദിവസം. ഭേദപ്പെട്ട അവതരണമായത് ദൽഹിയിൽനിന്നുള്ള നിഖിൽ മേത്തയുടെ ‘ഫോർ ദ റെക്കോഡ്’ നാടകവും ദക്ഷിണാഫ്രിക്കൻ സാമൂഹ്യശാസ്ത്രജ്ഞൻ അരി സിർതാസും സുമംഗല ദാമോദരനും ചേർന്ന് അവതരിപ്പിച്ച ഇന്ത്യ –-സൗത്ത് ആഫ്രിക്ക പോയട്രി, മ്യൂസിക് എൻസെംബ്ളുമാണ്. കഴിഞ്ഞ ദിവസം ജനം ഏറ്റെടുത്ത ലബനീസ് നാടകം ‘ടോൾഡ് ബൈ മൈ മദർ’ ജനം നിറഞ്ഞ കൈയടിയോടെ ഏറ്റെടുത്തു. അതേസമയം ഇറ്റലിയിൽ നിന്നുള്ള ‘ തേർഡ് റെയ്ക്’ കാണികളെ മടുപ്പിച്ചു.
ഇന്ത്യയെ ലോകത്തിന്റെ മുന്നിൽ പ്രതിനിധീകരിക്കുന്ന മൂന്ന് ചിഹ്നങ്ങൾ തെരഞ്ഞെടുക്കാൻ നിയമിക്കപ്പെട്ട ഒരു ട്രൈബ്യൂണലിന്റെ ചർച്ചകളും സംവാദവുമാണ് കാണികളെക്കൂടി ഉൾപ്പെടുത്തി ഫോർ ദ റെക്കോഡ് പറഞ്ഞത്. അസംബന്ധവും എന്നാൽ വിശാലസാധ്യതയുമുള്ള ഈ തെരഞ്ഞെടുപ്പ് 1971ൽ നിന്ന് 2022 വരെ നീളുന്നുണ്ട്. വൈവിധ്യ സംസ്കാരങ്ങളുടെ ദേശത്ത് ഏകസാംസ്കാരിക ചിഹ്നത്തിലേക്ക് ചുരുക്കുകയെന്ന ഫാസിസ്റ്റ് പ്രയോഗത്തെ നാടകം ആക്ഷേപഹാസ്യ ഭാഷയിൽ സമീപിച്ചു. തങ്ങൾക്കാവശ്യമുള്ളത് പൊതുസമ്മതിയോടെ സൃഷ്ടിക്കുകയെന്ന ഭരണകൂട തന്ത്രത്തേയും നാടകം വിശദമാക്കി.
കാണികളെ വെറുപ്പിച്ച് തേഡ് റെയ്ക്
ഇടതടവില്ലാതെ അതിവേഗത്തിൽ തെളിയുന്ന വാക്കുകൾ ഏറ്റവും ഉയർന്ന ശബ്ദത്തിലുള്ള തുടർച്ചയായ സംഗീതവും മാത്രമായിരുന്നു ‘തേഡ് റെയ്ക് ’ വീഡിയോ–-ഓഡിയോ ഇൻസ്റ്റലേഷനിലുണ്ടായിരുന്നത്. അമ്പത് മിനിറ്റോളം നീണ്ട ഈ പ്രക്രിയ കാണികളെ വെറുപ്പിച്ചു. പലർക്കും മുഴുവൻ കണ്ടിരിക്കാനാവാത്ത തരത്തിൽ ശാരീരികാസ്വസ്ഥത ഉണ്ടാക്കി. വായിക്കാനോ ചിന്തിക്കാനോ ഇടം നൽകാത്ത രീതിയിൽ വാക്കുകളെ തീക്ഷ്ണമായ ശബ്ദത്തോടെ അടിച്ചേൽപ്പക്കപ്പെടുന്ന ഇൻസ്റ്റലേഷൻ, നിർബന്ധിതമായ വിനിമയത്തിന്റെ അടയാളമായാണ് അവതരിപ്പിക്കപ്പെട്ടത്.
ഫാസിസം സമൂഹത്തെ രൂപപ്പെടുത്തുന്നത് ഇത്തരം പ്രയോഗങ്ങളിലൂടെയാണ് എന്ന് അവതരണം പറഞ്ഞുവയ്ക്കുന്നു. ഉത്തരാധുനിക തിയറ്ററിലെ പ്രഗത്ഭനായ സംവിധായകൻ റോമിയോ കാസ്റ്റല്യൂചിയുടെ അവതരണത്തിൽ നാടകഘടകങ്ങൾ പ്രതീക്ഷിച്ചാണ് ജനം തള്ളിക്കയറിയത്. അക്ഷരാർഥത്തിൽ ശപിച്ചുകൊണ്ടാണ് ഇറങ്ങിപ്പോയത്. ഇത്തരമവതരണങ്ങൾക്കു മുമ്പ് കാണാനിരിക്കുന്ന കാഴ്ചയെക്കുറിച്ച് ലഘുവിവരണം നൽകാൻ സംഘാടകരും ശ്രമിച്ചില്ല.