കൊച്ചി
റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ വീണ്ടും വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാൻ എന്നപേരിൽ 25 ബേസിസ് പോയിന്റാണ് (0.25 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിൽനിന്ന് 6.5 ശതമാനമായി. ഒമ്പത് മാസത്തിനിടെ ആറാംതവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. ആകെ 250 ബേസിസ് പോയിന്റാണ് (2.50 ശതമാനം) കൂട്ടിയത്.
ഭവന, വാഹന വായ്പ
പലിശ വർധിക്കും
ഉടൻ പ്രാബല്യത്തിൽവരുന്ന തരത്തിലാണ് റിസർവ് ബാങ്ക് നിരക്ക് കൂട്ടിയിരിക്കുന്നത്. ബാങ്ക് വായ്പ എടുത്തിട്ടുള്ളവർക്ക് ഇത് ആഘാതമാകും. ഭവന, വാഹന, വ്യക്തിഗത, വസ്തു വായ്പകൾ ഉൾപ്പെടെ എല്ലാ റീട്ടെയിൽ വായ്പകളുടെയും പലിശനിരക്ക് കുറഞ്ഞത് 0.25 ശതമാനം കൂടും. ഇതിന് അനുസരിച്ച് മാസംതോറുമുള്ള തിരിച്ചടവ് തുകയോ (ഇഎംഐ) വായ്പകളുടെ കാലാവധിയോ വർധിക്കും. റിപ്പോയുമായി ബന്ധിപ്പിച്ചിട്ടുള്ള, ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് ഇത് ബാധകമാകുക. 10 ലക്ഷം രൂപ എട്ടുശതമാനം പലിശയ്ക്ക് 20 വർഷത്തേക്ക് ഭവനവായ്പ എടുത്തയാൾ നിലവിലെ ഇഎംഐയായ 8364 രൂപയ്ക്കുപകരം ഇനി 8521 രൂപ അടയ്ക്കേണ്ടി വരും.
മാസംതോറും 151 രൂപയാണ് അധികബാധ്യത വരുന്നത്. വായ്പ കാലാവധി മുഴുവൻ പരിഗണിച്ചാൽ 37,502 രൂപ അധികപലിശ നൽകണം. പത്തുശതമാനം പലിശയ്ക്ക് എട്ട് വർഷത്തേക്കെടുത്ത പത്തുലക്ഷം രൂപയുടെ വാഹനവായ്പയ്ക്ക് ഇഎംഐ 15,174 രൂപയ്ക്കുപകരം 15,307 കൊടുക്കേണ്ടി വരും. ആകെ പലിശയിൽ 12,730 രൂപയാണ് വർധിക്കുക.