തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും സാഹചര്യമില്ലാത്തതിനാൽ കേരളത്തിൽനിന്നാണ് കൂടുതൽ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതെന്ന പ്രചാരണം തെറ്റ്. ഇന്ത്യയിൽനിന്ന് പോകുന്ന ആകെ വിദ്യാർഥികളിൽ നാലുശതമാനം മാത്രമാണ് കേരളത്തിൽനിന്നുള്ളവർ. പ്രതിപക്ഷ പാർടികളും മാധ്യമങ്ങളും കേന്ദ്ര സർക്കാർ പ്രതിനിധികൾ പോലും കൊടുമ്പിരിക്കൊണ്ട് നടത്തുന്ന പ്രചാരണം തെറ്റാണെന്ന് പാർലമെന്റിലും നിയമസഭയിലുംവച്ച കണക്ക് വ്യക്തമാക്കുന്നു.
2022 നവംബർവരെ 6,46,206 വിദ്യാർഥികളാണ് ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പോയത്. 15 ശതമാനംവീതം ആന്ധ്രപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെതാണ്. 11 ശതമാനം മഹാരാഷ്ട്രയിൽ നിന്നും. കോവിഡ് സാഹചര്യം മാറിയതിനാൽ കുടിയേറ്റം 2022 –- -23ൽ വീണ്ടും വർധിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ സർവകലാശാലയുടെ കുറവുകൊണ്ടാണെന്ന വാദവും നിലനിൽക്കില്ല. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയ ഓൾ ഇന്ത്യ ഹയർ എഡ്യൂക്കേഷൻ സർവേ പ്രകാരംതന്നെ അഞ്ചുവർഷത്തിനിടെ കേരളത്തിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു.
ഉന്നതവിദ്യാഭ്യാസ
കൗൺസിൽ പഠനം
നടത്തും : ആർ ബിന്ദു
കേരളത്തിലെ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രത്യേക പഠനം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. ഇതിനായി കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി സമിതി രൂപീകരിച്ചു. ടി പി രാമകൃഷ്ണൻ, ടി കെ മധുസൂദനൻ, കെ ശാന്തകുമാരി, ഐ ബി സതീഷ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ബിരുദ കോഴ്സുകളുടെ ഭാഗമായുള്ള ഇന്റേൺഷിപ്പിന് പ്രത്യേകം ക്രെഡിറ്റ് ഏർപ്പെടുത്തുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കും. ഭാവി തൊഴിൽ സാധ്യതകൾക്കും സാങ്കേതികവിദ്യകൾക്കും അനുയോജ്യമായ വിധത്തിൽ മാനവ വിഭവശേഷി വികസനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, ഡ്രോൺ ടെക്നോളജി, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ആധുനിക കോഴ്സുകൾ സർവകലാശാലകളിലൂടെയും അസാപ് മുഖേനയും നടത്തുന്നുണ്ട്. കൂടാതെ ആമസോൺ, അഡോബി, ഗൂഗിൾ, ഏണസ്റ്റ് ആൻഡ് യങ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കോഴ്സുകൾ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനത്തിലൂടെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ജോലി ലഭ്യമാക്കുന്നു. സർക്കാർ –- എയ്ഡഡ് കോളേജുകളിൽ പുത്തൻതലമുറ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. അതിനൊപ്പം ഇന്റേൺഷിപ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നടത്താനുള്ള സൗകര്യങ്ങളുമൊരുക്കുന്നുണ്ട്. ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, എൻജിനിയറിങ്, അപ്ലൈഡ് സയൻസ് കോളേജുകളിൽ നിർമിതബുദ്ധി, റോബോട്ടി പോലുള്ള പുത്തൻതലമുറ കോഴ്സുകൾ ആരംഭിച്ചു.
തിരുവനന്തപുരത്തെ ടെക്നോളജി ഹബ്ബാക്കി മാറ്റാൻ അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കുകൾ സജ്ജമാക്കിവരികയാണ്. കഴക്കൂട്ടം സ്കിൽ പാർക്കിൽ ഓഗ്മെന്റ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കിവരുന്നതായും മന്ത്രിസഭയെ അറിയിച്ചു.
പഠിക്കാന് മുന്നില് പെണ്കുട്ടികള്
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും കൂടുതൽ പെൺകുട്ടികൾ. ഇതുവഴി ലിംഗസമത്വത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണ് കേരളത്തിന്. ദേശീയ ഉന്നതവിദ്യാഭ്യാസ സർവേയുടെ 2020–- 21 അധ്യയന വർഷത്തെ കണക്കിന്റെ അടിസ്ഥാനത്തിൽ ബിരുദം, പിജി, എംഫിൽ, പിഎച്ച്ഡി മേഖലകളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ്. ലിംഗസമത്വ സൂചിക പ്രകാരം 1.52 പോയിന്റുകളോടെയാണ് കേരളം ഒന്നാമതെത്തിയത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് 0.87 പോയിന്റിൽ ഏറ്റവും പിന്നിലാണ്. രാജ്യത്തെ മൊത്തത്തിലുള്ള ലിംഗസമത്വ സൂചിക 1.05 ആയിരിക്കെയാണ് കേരളം ഏറ്റവും മുമ്പിലെത്തിയത്.
ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസം നേടുന്ന സംസ്ഥാനങ്ങൾക്കാണ് ഒന്നിൽ കൂടുതൽ ഇൻഡെക്സ് ലഭിക്കുന്നത്. ബിരുദംമുതൽ പിഎച്ച്ഡിവരെ പഠിക്കുന്ന 18 മുതൽ 23 വയസ്സുവരെയുള്ള കുട്ടികളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വനിതാ അധ്യാപകരുടെ എണ്ണത്തിലും കേരളം മുന്നിലാണ്. അധ്യാപകരിൽ 62 ശതമാനം പേരും സ്ത്രീകളാണ്. 37,930 വനിതാ അധ്യാപകരും 23,150 പുരുഷ അധ്യാപകരുമാണ് കേരളത്തിലുള്ളത്.ഏറ്റവും അധികം കോളേജുകളുള്ള 10 സംസ്ഥാനങ്ങളിലും കേരളം ഇടംനേടി. കേരളത്തിൽ ഒരുലക്ഷം വിദ്യാർഥികൾക്ക് 50 കോളേജ് എന്നതാണ് അനുപാതം.