ന്യൂഡൽഹി
മതവിദ്വേഷപ്രസംഗങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ സർക്കാരുകൾ കർശന നടപടിയെടുക്കാന് സുപ്രീംകോടതി നിര്ദേശിച്ചതിന്റെ അടുത്തദിവസമാണ് തീവ്ര വിദ്വേഷപരാമർശങ്ങൾ നടത്തിയ ബിജെപി നേതാവ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി അധികാരമേറ്റത്. നടപടി നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് നിയമവൃത്തങ്ങള് പ്രതികരിച്ചു. ജഡ്ജി നിയമനപ്രക്രിയയുടെ പോരായ്മയും കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പും വ്യക്തമാക്കുന്നതാണ് ഈ നിയമനം.
ഒരാളെ ജഡ്ജിയായി നിയമിക്കാമെന്ന് ശുപാർശ ചെയ്യുന്ന അവസരത്തിൽ ആ വ്യക്തിയുടെ മുഴുവൻ പശ്ചാത്തലവും കൊളീജിയം അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. ശുപാർശ കൈപ്പറ്റുന്ന കേന്ദ്രസർക്കാരാണ് ഇക്കാര്യം പരിശോധിച്ചശേഷം നിയമന ഉത്തരവിറക്കുന്നത്. മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയെന്ന് ട്വിറ്റർ അക്കൗണ്ടിൽത്തന്നെ വിക്ടോറിയ ഗൗരി രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേര് ശുപാര്ശ ചെയ്യപ്പെട്ടതിന് പിന്നാലെ പല മാധ്യമങ്ങളും മുന് പരാമര്ശങ്ങള് റിപ്പോര്ട്ടുചെയ്തു. എന്നാൽ, അന്വേഷണ ഏജൻസികൾ ഇതെല്ലാം റിപ്പോർട്ട് ചെയ്തോ എന്ന് വ്യക്തമല്ല.
മദ്രാസ് ഹൈക്കോടതിയിലെതന്നെ അഡ്വ. ജോൺസത്യനെ ജഡ്ജിയാക്കാമെന്ന കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ പിടിച്ചുവച്ചിരിക്കുകയാണ്.
ജോൺസത്യൻ പ്രധാനമന്ത്രിയെ വിമർശിക്കുന്ന രണ്ട് ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുഎന്നതാണ് കാരണം. എന്നാൽ, വിക്ടോറിയ ഗൗരിയുടെ നിയമനത്തില് അവരുടെ വിദ്വേഷപരാമർശങ്ങള് തടസ്സമായില്ല. എന്നാല് ഇക്കാര്യം ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് കണക്കിലെടുത്തില്ലെന്ന വിമർശം ശക്തമാണ്.