പാരിസ്
പെൻഷൻ സംവിധാനം അട്ടിമറിക്കാനുള്ള ഫ്രഞ്ച് സർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായി. തിങ്കളാഴ്ച ബിൽ പാർലമെന്റിൽ ചർച്ചയ്ക്കെടുത്തതോടെയാണ് തൊഴിൽസംഘടനകൾ മൂന്നാംവട്ട ദേശീയ പണിമുടക്കിലേക്ക് കടന്നു. പൊതുഗതാഗത, സ്കൂൾ, വൈദ്യുത, എണ്ണ–- ഗ്യാസ് വിതരണ മേഖലകൾ സ്തംഭിച്ചു. കഴിഞ്ഞയാഴ്ചത്തെ പ്രതിഷേധത്തിൽ 12.7 ലക്ഷം തൊഴിലാളികൾ പങ്കെടുത്തിരുന്നു. രാജ്യത്തെ എട്ട് പ്രധാന തൊഴിൽസംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
റെയിൽ തൊഴിലാളികൾ വ്യാപകമായി പണിമുടക്കിയതോടെ ട്രെയിൻ ഗതാഗതവും താറുമാറായി. ബ്രിട്ടനിലേക്കും സ്വിറ്റ്സർലൻഡിലേക്കുമുള്ള സർവീസുകളെയും പാരിസ് മെട്രോ സർവീസിനെയും സമരം സാരമായി ബാധിച്ചു. ബില്ലിൽ ചൂപിടിച്ച ചർച്ചകളാണ് പാർലമെന്റിൽ നടന്നത്. ഒറ്റ ദിവസംകൊണ്ട് 20,000ലധികം ഭേദഗതി നിർദേശങ്ങൾ ഉയർന്നു. ഇടതുപക്ഷ മുന്നണിയായ ന്യൂപ്സാണ് കൂടുതൽ ഭേദഗതികൾ നിർദേശിച്ചത്.
2030ഓടെ വിരമിക്കൽ പ്രായം 62ൽനിന്ന് 64 ആക്കുന്നതാണ് പുതിയ ബിൽ. സർവീസിൽ 43 വർഷം പൂർത്തിയായവർക്കുമാത്രം പൂർണ പെൻഷൻ എന്നതുൾപ്പെടെയുള്ള തൊഴിലാളിവിരുദ്ധ നിർദേശങ്ങളാണ് ജീവനക്കാരുടെ അമർഷം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.