കൊൽക്കത്ത
മണ്ണിൽ പൊൻ വിളയിക്കാൻ പടവെട്ടുന്നവരുടെ ഏറ്റവും വലിയ വിപ്ലവ പ്രസ്ഥാനമായ കർഷക തൊഴിലാളി യൂണിയന് അഖിലേന്ത്യ സമ്മേളനത്തിന് ഹൗറ ഒരുങ്ങി. ഫെബ്രുവരി 15 മുതൽ 18 വരെയാണ് സമ്മേളനം. 17ന് വൻ പെതു സമ്മേളനം നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ഹൗറ റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്തുള്ള വിശാലമായ ഹൗറ മൈതാൻ ഭാഗത്താണ് പ്രതിനിധി, പൊതുസമ്മേളനം. ശരത്ചന്ദ്ര ചാറ്റർജി ഭവൻ ഹാളിലാണ് പ്രതിനിധി സമ്മേളനം. കാൽ നൂറ്റാണ്ടോളം പശ്ചിമ ബംഗാളിന്റെ ഭരണസാരഥ്യം വഹിച്ച ജ്യോതി ബസുവിന്റെ പേരിലാകും സമ്മേളന നഗർ അറിയുക. 750 പ്രതിനിധികൾ പങ്കെടുക്കും.
പശ്ചിമ ബംഗാളിന്റെ മണ്ണിൽ ആദ്യമായാണ് കർഷക തൊഴിലാളി ദേശീയ സമ്മേളനം നടക്കുന്നത്. അതിനാൽ, സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സ്വാഗത സംഘം പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രിദീപ് ഭട്ടാചാര്യ പറഞ്ഞു.