ചൈന്നൈ> തീവ്രവിദ്വേഷ പ്രംസഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച ബിജെപി നേതാവും അഭിഭാഷകയുമായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ സിപിഐ എമ്മും അഭിഭാഷകരുടെ യൂണിയനും പ്രതിഷേധിച്ചു. നിയമനത്തിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിക്ക് സമീപം സിപിഐ എം പ്രവർത്തകർ പ്ലക്കാർഡുമേന്തി പ്രതിഷേധിച്ചു.
ബിജെപിയുമായും ബിജെപി നേതാക്കളുമായും ദീർഘടകാലമായി അടുത്ത ബന്ധം പുലർത്തുന്ന വിക്ടോറിയാഗൗരി മുസ്ലീമുകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ വിദ്വേഷപ്രചരണം നടത്തുന്നതിൽ മുന്നിലായിരുന്നു. ‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്ലീമുകളേക്കാൾ കൂടുതൽ ഭയപ്പെടേണ്ടത് ക്രിസ്ത്യാനികളെയാണ്. മതപരിവർത്തനം; പ്രത്യേകിച്ച് ലവ്ജിഹാദ് നടത്തുന്നതിനാൽ ഇരുകൂട്ടരും ഒരുപോലെ അപകടകാരികളാണ്’– എന്നാണ് വിക്ടോറിയാഗൗരിയുടെ ഒരു അഭിപ്രായപ്രകടനം. ‘ഇസ്ലാം പച്ച ഭീകരതയാണെങ്കിൽ ക്രിസ്ത്യാനികളുടേത് വെള്ള ഭീകതയാണ്’– എന്നാണ് മറ്റൊരു നിലപാട്.
വിക്ടോറിയാഗൗരിയുടെ ട്വീറ്റുകളും മറ്റും വിവാദമായതോടെ അവരുടെ ട്വിറ്റർ അക്കൗണ്ട് തന്നെ അപ്രത്യക്ഷമായി. ഈ ട്വിറ്റർ അക്കൗണ്ടിൽ താൻ മഹിളാമോർച്ചാ ദേശീയജനറൽ സെക്രട്ടറിയായിരുന്നെന്ന് അവർ അവകാശപ്പെട്ടിട്ടുണ്ട്. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഗുരുതരപോറലുകളേൽപ്പിക്കുന്ന നിലപാടുകളുള്ള ഒരാളെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ തന്നെ ഒരുവിഭാഗം അഭിഭാഷകർ രംഗത്തെത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് വിക്ടോറിയ ഗൗരിയുടെ നിയമനം സുപ്രീം കോടതി ശരിവച്ചത്.