ആലപ്പുഴ
“കൃഷി–-ഭൂമി–-പുതുകേരളം’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്കെടിയു നടത്തുന്ന പ്രക്ഷോഭ പ്രചാരണജാഥയ്ക്ക് ആലപ്പുഴയുടെ വിപ്ലവമണ്ണിൽ ഊഷ്മള സ്വീകരണം. ജാഥാ ക്യാപ്റ്റൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, വൈസ്ക്യാപ്റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശനൻ, ജാഥാംഗങ്ങളായ എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കെ കെ ദിനേശൻ, ടി കെ വാസു, വി കെ രാജൻ, ഇ ജയൻ, കോമള ലക്ഷ്മണൻ എന്നിവർ രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയചുടുകാട്ടിലും പുഷ്പാർച്ചന നടത്തി. തുടർന്ന് നെടുമുടി, -വളഞ്ഞവഴി, കരുവാറ്റ, മാന്നാർ എന്നിവിടങ്ങളിൽ ജാഥ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ, സെക്രട്ടറി എം സത്യപാലൻ എന്നിവർ ജാഥയോടൊപ്പമുണ്ടായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ്, എം സുധാമണി, കമലമ്മ ഉദയാനന്ദൻ, കുഞ്ഞുമോൾ ശിവദാസ്, എം പി വിൻസന്റ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
മിച്ചഭൂമി പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ജാഥാ പര്യടനം. മാന്നാറിലെ സ്വീകരണശേഷം ജാഥ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവേശിച്ചു.