കോഴിക്കോട്
കൂടത്തായി കൂട്ടക്കൊലക്കേസിലെ നാല് മൃതദേഹാവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനയിൽ സയനൈഡ് അംശമില്ലെന്ന് കണ്ടെത്തൽ. പരിശോധനാഫലം പ്രോസിക്യൂഷന് അനുകൂലമല്ലാത്തതിനാൽ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽപ്പെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം മാർച്ച് ആറുമുതൽ മെയ്18 വരെ വിവിധ ദിവസങ്ങളിലായി നടത്താൻ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ്ആർ ശ്യാംലാൽ തീരുമാനിച്ച സാഹചര്യത്തിലാണ് വിശദപരിശോധനാ റിപ്പോർട്ട് പുറത്തുവന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ വീണ്ടും വിശദ പരിശോധനക്ക് അയക്കുകയായിരുന്നു.
ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് ശനിയാഴ്ച പ്രോസിക്യൂഷന് ലഭിച്ചത്. ഒന്നാം പ്രതിയായ ജോളിയുടെ ആദ്യ ഭർത്താവിന്റെ അമ്മ അന്നമ്മ തോമസ്, അച്ഛൻ ടോം തോമസ്, ബന്ധു മഞ്ചാടിയിൽ മാത്യു, രണ്ടാം ഭർത്താവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടമാണ് പരിശോധനക്കയച്ചത്.
ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. 2002–- 2014 കാലത്താണ് ഇവർ മരിച്ചത്. 2019-ലാണ് മൃതദേഹാവശിഷ്ടം പരിശോധനക്കയച്ചത്.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷയും കേസിൽ കുറ്റവിമുക്തയാക്കണമന്ന ഹർജിയും പ്രത്യേക കോടതി തള്ളിയതിനെതിരെ നൽകിയ അപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.