കൊച്ചി
പുതിയ വ്യവസായനയം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. വ്യവസായസംരംഭകർക്കുള്ള സർക്കാർ പിന്തുണ മാലിന്യസംസ്കരണ സംരംഭങ്ങൾക്കും നൽകും. മാലിന്യസംസ്കരണമേഖലയിൽ 50 കോടിക്കുമുകളിലുള്ള നിക്ഷേപമാണെങ്കിൽ യന്ത്രങ്ങൾക്കുള്ള നികുതിയുടെ 18 ശതമാനത്തിൽ സംസ്ഥാനത്തിന്റെ ഒമ്പത് ശതമാനം സംരംഭകർക്ക് പൂർണമായി തിരികെ നൽകും. 10 കോടി രൂപവരെ ക്യാപിറ്റൽ സബ്സിഡി, 50 കോടിക്കുമുകളിൽ നിക്ഷേപമുള്ള മാലിന്യസംസ്കരണ സംരംഭങ്ങൾക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്ലോബൽ എക്സ്പോയിൽ ഇന്നൊവേറ്റേഴ്സ് ആൻഡ് യങ് എന്റർപ്രണേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാലിന്യസംസ്കരണം ഇന്ന് സംരംഭമായി മാറി. ഉദ്യോഗസ്ഥർ സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയിലൂടെ സംരംഭകരെ കാണണം. മലിനീകരണമുണ്ടോയെന്ന് തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്ത് മെമ്പർക്കില്ല. ആ അധികാരം പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡിനാണ്. ശുദ്ധവായുവും ജലവും ഉറപ്പാക്കലാണ് തദ്ദേശസ്ഥാപന ഭരണസമിതികളുടെ പ്രാഥമികമായ ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മാലിന്യസംസ്കരണം സംബന്ധിച്ച ധവളപത്രം മന്ത്രി എം ബി രാജേഷ് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിന് നൽകി പ്രകാശിപ്പിച്ചു. മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഹോളോഗ്രാം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കും നവകേരളം–വൃത്തിയുള്ള കേരളം കർമപദ്ധതി ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കറും മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.