തിരുവനന്തപുരം
അധ്യാപകരുടെ തസ്തിക നിർണയ നടപടി അവസാനഘട്ടത്തിലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022–-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തിക നിർണയം പൂർത്തിയായി. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെടുക്കുന്ന കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തിക നിർണയം. അത് പൂർത്തിയാക്കിയാലുടൻ പൊതുവിദ്യാഭ്യാസ വകുപ്പ് പിഎസ്-സിക്ക് റിപ്പോർട്ട് നൽകും. ഈ അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി 38,32,395 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസിൽ 3,03,168 കുട്ടികൾ പ്രവേശനം നേടി. പൊതുവിദ്യാലയങ്ങളിൽ രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ 1,19,970 കുട്ടികൾ പുതുതായി ചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ്.
ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചിലും(32,545) എട്ടിലുമാണ് (28,791). ഹയർസെക്കൻഡറിയിൽ ആകെ 7,69,713 വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 59,030 വിദ്യാർഥികളാണ് പഠിക്കുന്നത്.
അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേതിലും കുട്ടികൾ കുറവാണ്. അതേസമയം, സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന്, നാല്, 10 ക്ലാസുകളൊഴികെയും സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്, നാല്, ഏഴ്, 10 ക്ലാസുകളൊഴികെയും എണ്ണം വർധിച്ചിട്ടുമുണ്ട്. ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറത്തും (20.35ശതമാനം) കുറവ് കുട്ടികളുള്ളത് പത്തനംതിട്ടയിലുമാണ് (2.25ശതമാനം). സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ വർധനയുണ്ട്. എന്നാൽ, സർക്കാർ എയ്ഡഡ് മേഖലയിൽ മലപ്പുറത്ത് മാത്രമാണ് വർധന. ആകെ കുട്ടികളുടെ 9.8 ശതമാനവും 1.8 ശതമാനവുമാണ് യഥാക്രമം പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ എണ്ണം. കുട്ടികളിൽ 21,83,908 പേർ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരും 16,48,487 പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുമാണ്.