ന്യൂഡൽഹി
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിടിവിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ എൽഐസിക്ക് ഒരാഴ്ച കൊണ്ട് സംഭവിച്ച നഷ്ടം 42759 കോടി രൂപ. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പായി വിവിധ അദാനി കമ്പനികളിലായി എൽഐസിക്കുള്ള ഓഹരികളുടെ മൂല്യം 81268 കോടി രൂപയായിരുന്നു. എന്നാൽ ഏഴ് വിപണി ദിനങ്ങൾ കൊണ്ട് എൽഐസിക്കുള്ള ഓഹരികളുടെ മൂല്യം 38509 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
അദാനി ടോട്ടൽ ഗ്യാസിൽ എൽഐസിയുടെ ഓഹരി മൂല്യം 25484 കോടി ആയിരുന്നത് 10664 കോടിയിലേക്ക് ഇടിഞ്ഞു. അദാനി പോർട്സിലെ 15029 കോടി രൂപ 9854 കോടിയിലെത്തി. അദാനി എന്റർപ്രൈസസിലെ 16585 കോടി രൂപ 7632 കോടിയിലേക്ക് വീണു. അദാനി ട്രാൻസ്മിഷനിലെ 11211 കോടി രൂപ 5701 കോടിയായി. അംബുജ സിമന്റിലെ 6261 കോടി രൂപ 4692 കോടിയിലെത്തി. അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞതോടെ വിദേശ ധനകാര്യസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം 1.44 ലക്ഷം കോടി രൂപയാണ്. മ്യൂച്ചൽ ഫണ്ടുകൾക്ക് 8282 കോടി നഷ്ടം സംഭവിച്ചു.
വിദേശ രാജ്യങ്ങളിലെ പദ്ധതികൾ
പ്രതിസന്ധിയിൽ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ ബഹുരാഷ്ട്ര കുത്തകയായി വളർന്ന ഗൗതം അദാനിയുടെ സാമ്പത്തികത്തകർച്ച ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളിലും വിള്ളൽവീഴ്ത്തുമോയെന്ന് ആശങ്ക. ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ, നേപ്പാൾ എന്നീ അയൽരാജ്യങ്ങളിലും ഇന്തോനേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും അദാനി ഗ്രൂപ്പിന് നിരവധി പദ്ധതികളുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ ഇവ പ്രശ്നത്തിലായി.
ബംഗ്ലാദേശിലെ വൈദ്യുതി പദ്ധതിയടക്കം അദാനി ഗ്രൂപ്പ് തുടക്കമിട്ട അയൽരാജ്യങ്ങളിലെ പല പദ്ധതികളും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഓസ്ട്രേലിയയിലെ അദാനിയുടെ ഖനിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഊർജവികസന ബോർഡ് അദാനി ഗ്രൂപ്പിന് കഴിഞ്ഞദിവസം കത്തയച്ചു.അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി നയതന്ത്രബന്ധങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് വിദേശമന്ത്രാലയം.
ബോണ്ടുകളില്നിന്നും
പിന്വാങ്ങുന്നു
ഓഹരികളുടെ വിലത്തകർച്ചയെ തുടർന്ന് 20000 കോടി രൂപയുടെ എഫ്പിഒ പിൻവലിച്ച അദാനി ഗ്രൂപ്പ് വിദേശ–- ആഭ്യന്തര വിപണികളിലായി പദ്ധതിയിട്ട ബോണ്ടുകളിൽനിന്നും പിൻവാങ്ങുന്നു. അംബുജ, എസിസി എന്നീ സിമന്റ് കമ്പനികൾ വാങ്ങുന്നതിനായി വിദേശബാങ്കുകളിൽ നിന്നെടുത്ത കടത്തിന്റെ പലിശ തിരിച്ചടവിനായി ലക്ഷ്യമിട്ട നാലായിരം കോടി രൂപയുടെ ഓവർസീസ് ബോണ്ടിൽ നിന്നും അദാനി ഗ്രൂപ്പ് പിൻവാങ്ങിയതായി റിപ്പോർട്ടുണ്ട്. ഒപ്പം ബോണ്ടുകളിറക്കി ആഭ്യന്തര വിപണിയിൽനിന്ന് ആയിരം കോടി സമാഹരിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു.
അംബുജ, എസിസി കമ്പനികൾ വാങ്ങുന്നതിന് ഡ്യുഷെ, ബാർക്ലേസ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് തുടങ്ങി 14 വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി നാൽപ്പതിനായിരം കോടി രൂപയ്ക്കടുത്ത് അദാനി ഗ്രൂപ്പ് കടമെടുത്തിരുന്നു. സിമന്റ് കമ്പനികളിലെ സ്വന്തം ഓഹരികൾ പൂർണമായും പണയം വച്ചായിരുന്നു കടമെടുപ്പ്. 52000 കോടി രൂപയ്ക്കാണ് സിമന്റ് കമ്പനികൾ വാങ്ങിയത്. വിദേശ കടത്തിന്റെ ആദ്യ ഗഡു വൈകാതെ അടയ്ക്കേണ്ട സാഹചര്യമാണുള്ളത്.