ന്യൂഡൽഹി
ത്രിപുരയിൽ പരാജയം മണത്ത ബിജെപി ഇടതുമുന്നണി സ്ഥാനാർഥികൾക്കും പ്രവർത്തകർക്കുംനേരെ ആക്രമണം രൂക്ഷമാക്കി. മജ്ലിഷ്പുർ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി സഞ്ജയ് ദാസിനെ ലക്ഷ്യംവച്ച് ബിജെപി അക്രമിസംഘം ബൈക്കിൽ എത്തി. ജിരാനിയ കലാബാഗൻ പ്രദേശത്തെ പൊതുയോഗ സ്ഥലത്തേക്കാണ് അക്രമികൾ എത്തിയത്.
പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപിക്കാരും പിന്നാലെ എത്തി. സിപിഐ എം പ്രവർത്തകർ പ്രതിരോധിച്ചതോടെ കേന്ദ്രസേന രംഗത്തിറങ്ങി. മജ്ലിഷ്പുർ യുവമോർച്ച പ്രസിഡന്റ് ശിവയാൻ ദാസടക്കമുള്ള അക്രമികൾ പിടിയിലായി. ഈ അക്രമികൾ വെള്ളിയാഴ്ച പ്രദേശത്തെ സിപിഐ എം പ്രവർത്തകരുടെ വീടുകളും ആക്രമിച്ചിരുന്നു.
തക്രജാല, ഗിർണിയ, ഖോവായ്, കൈലാഷഹർ എന്നിവിടങ്ങളിൽ ഇടതുമുന്നണി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടു. പൊലീസ് നിഷ്ക്രിയമായതോടെ ഇടതുമുന്നണി പ്രവർത്തകർ ബിജെപിക്കാരെ പലയിടത്തും തുരത്തിയോടിച്ചു. അതിനിടെ, ബിഷാൽഗഡ് ഗൗതം നഗറിൽ സിപിഐ എം റാലിയിൽ പങ്കെടുത്തതിന് ബിജെപി നേതാവിന്റെ ഭർത്താവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചു. വീടിനുനേരെ ബോംബെറിഞ്ഞു.
27 അറസ്റ്റ്, 37 കേസ്
ത്രിപുര തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇതുവരെ 37 ആക്രമണസംഭവങ്ങളിൽ കേസെടുത്തെന്നും 27 പേർ അറസ്റ്റിലായെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കിരൺകുമാർ ദിനകർറാവു ഗിത്തെ അറിയിച്ചു. 3337 പോളിങ് സ്റ്റേഷനുകളിൽ 1128 സ്റ്റേഷനുകൾ പ്രശ്നബാധിതവും 240 എണ്ണം അതീവ പ്രശ്നബാധിതവുമാണ്.
മുട്ടുകുത്തി കരഞ്ഞ്
ബിജെപി സ്ഥാനാർഥി
ഭരണവിരുദ്ധ വികാരവും പരാജയഭീതിയും ബിജെപി ക്യാമ്പിൽ പടർന്നതോടെ മുട്ടുകുത്തി വോട്ടിനുവേണ്ടി യാചിച്ച് സ്ഥാനാർഥി. പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ബോക്സാനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി തഫസൽ ഹുസൈനാണ് മുട്ടുകുത്തി കരയുകയും കൈകൂപ്പി യാചിക്കുകയും ചെയ്തത്.