ദുബായ്> കേരളത്തിന്റെ സർവതല സ്പർശിയായ വികസനത്തിന് സഹായകമാകുന്ന ബജറ്റാണ് കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഓർമ ദുബായ് സെൻട്രൽ കമ്മറ്റി. ഗൾഫ് മലയാളികളുടെ ഉയർന്ന യാത്രാകൂലി പ്രശ്നം പരിഹരിക്കുന്നതിനു 15 കോടിയുടെ കോർപസ് ഫണ്ട് ബജറ്റിൽ വകയിരുത്തിയത് പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ പ്രതിസന്ധികളെ മറികടക്കാൻ ഉതകുന്ന വിഭവസമാഹരണം ലക്ഷ്യം വെക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ കരുത്തായ പൊതു വിദ്യാഭ്യാസ മേഖലക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും കൂടി 1700 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തമാക്കാൻ വലിയ തുക ബജറ്റിൽ നീക്കിവെച്ചിരിക്കുന്നു. പൊതു മേഖലയെ ശക്തിപെടുത്താനും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുമുള്ള വലിയ പിന്തുണ ബജറ്റിൽ നൽകുന്നു. വീട് ഇല്ലാത്ത മനുഷ്യർക്ക് വീട് നിർമ്മിച്ചു നൽകുന്ന കേരള സർക്കാറിന്റെ പദ്ധതി ലൈഫിനു ഫണ്ട് നീക്കിവച്ചതിലൂടെ പാവപ്പെട്ട മനുഷ്യരുടെ വീടെന്ന സ്വപ്നമാണു സാക്ഷാത്കരിക്കാൻ പോകുന്നത്. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് സാമൂഹ്യക്ഷേമപദ്ധതികളെഎല്ലാം നിർത്തിവെപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതുമുടങ്ങില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമം ഈ സർക്കാറിന്റെ പാവപ്പെട്ട മനുഷ്യരോടുള്ള കരുതലായി കാണാൻ കഴിയും.
പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു വിമാന നിരക്ക് വർദ്ധനവിൽ ഇടപെടണമെന്നത്. ഇതു പരിഗണിച്ചുകൊണ്ട് 15 കോടിയുടെ കോർപ്പസ് ഫണ്ട് അനുവദിച്ചിരിക്കുന്നു. തൊഴിൽ നഷ്ടപെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്നത് ആവേശകരമാണു. പ്രവസി പുനരുധിവാസത്തിനും നൈപുണ്യ വികസനത്തിനുമായി ഏതാണ്ട് 90 കോടിയോളം രൂപമാറ്റിവെച്ചിരുന്നു. പ്രവാസികളുടെ എമർജെൻസി ആംബുലൻസ് സൗകര്യത്തിനായി 60 ലക്ഷവും, ലോകകേരള സഭയുടെ പ്രവർത്തനത്തിനായി 2.5 കോടിയും മാറ്റിവച്ചത് പ്രശംസനീയമാണു. എല്ലാ തലത്തിലും കേരളത്തിന്റെ സ്ഥായിയായ മുന്നേറ്റത്തിനുതകുന്ന ബജറ്റിനെ ഓർമ സ്വാഗതം ചെയ്യുന്നെന്നും സെൻട്രൽ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.