ദുബായ്> ചരിത്രത്തിലെ മഹാനായ നേതാവാണ് മഹാത്മാഗാന്ധിയെന്ന് യുഎഇ സഹിഷ്ണുത കാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, മറ്റു നയതന്ത്ര പ്രതിനിധികൾ, ദുബായിലെയും നോർത്ത് എമിറേറ്റിലേയും സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
42 ഇഞ്ച് വലുപ്പമുള്ള ഗാന്ധി പ്രതിമ നരേഷ് കുമാവത് രൂപപ്പെടുത്തിയതും ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന് സമർപ്പിച്ചതുമാണ്. ഗാന്ധിയുടെ ഇഷ്ടപ്പെട്ട ഭജനകളായ വൈഷ്ണവ് ജാൻ തോ, രഘുപതി രാഘവ എന്നിവ സോം ദത്ത ബസു അവതരിപ്പിച്ചു. ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി നിർത്താൻ ഗാന്ധിജിക്ക് കഴിഞ്ഞു. മഹത്തായ സന്ദേശങ്ങളാണ് അദ്ദേഹം ലോകത്തിന് നൽകിയത്. മഹാത്മജിയെ ഓർക്കുമ്പോൾ യുഎഇ രാഷ്ട്രപിതാവ് ഷെയ്ക്ക് സായിദ് സ്മരണയിൽ എത്തുമെന്നും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും വിശ്വസിച്ച നേതാക്കളായിരുന്നു ഇരുവരും എന്ന് ഷെയ്ക്ക് നഹ്യാൻ പറഞ്ഞു.