തിരുവനന്തപുരം
ഇപിഎഫ്ഒ ഡിസംബർ 25ന് ഇറക്കിയ ഉത്തരവ് പ്രകാരം 2014നു മുമ്പ് വിരമിച്ചവരിൽ കേസിൽക്കൂടി അല്ലാതെ ഹയർ ഓപ്ഷൻ വഴി ഉയർന്ന പെൻഷൻ വാങ്ങിയവരുടെ തുക തിരിച്ചുപിടിച്ചു തുടങ്ങി. കോടതി വിധി വാങ്ങി ഉയർന്ന പെൻഷൻ വാങ്ങിയവരുടെ തുക പിടിച്ചു തുടങ്ങിയിട്ടില്ല. കോടതിയുടെകൂടി അനുമതി തേടിയശേഷം അതും പിടിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം ഡിവിഷനിൽ 826 പേരുടെ പെൻഷൻ തുകയിൽനിന്ന് അധിക തുക പിടിച്ചു. കോഴിക്കോടും ഏതാനും പെൻഷൻകാരിൽനിന്ന് തുക പിടിക്കാൻ തുടങ്ങി.
എന്നാൽ, കൊച്ചി ഓഫീസിൽനിന്ന് തുക പിടിക്കാൻ തുടങ്ങിയിട്ടില്ല. ഇപിഎഫ്ഒയുടെതന്നെ മൂന്ന് റീജണിൽ മൂന്നുവിധത്തിലാണ് നടപടികൾ എന്നാണ് പെൻഷൻകാർ പരാതിപ്പെടുന്നത്.
ഓപ്ഷൻ നൽകണം
2014നു മുമ്പ് വിരമിച്ച് ഉയർന്ന പെൻഷൻ ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും അടിയന്തരമായി ഓൺലൈനിൽ ഓപ്ഷൻ നൽകണമെന്ന് പെൻഷനേഴ്സ് സംഘടനകൾ അഭ്യർഥിച്ചു. 2014നു ശേഷം സർവീസിൽ തുടരുന്നവർക്കും മാർച്ച് മൂന്നുവരെയാണ് ഓപ്ഷൻ നൽകാനുള്ള സമയപരിധി.
പിഎഫ് ഓഫീസുകളിൽനിന്ന് പെൻഷൻകാർക്ക് ആവശ്യമായ വിവരങ്ങളോ അറിയിപ്പുകളോ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നിലപാടുകൾക്കെതിരെ തിങ്കളാഴ്ച രാവിലെ പത്തിന് പട്ടം പിഎഫ് ഓഫീസിലേക്ക് പെൻഷൻകാർ മാർച്ച് നടത്തും.