ന്യൂഡൽഹി
ഇരുപതിനായിരം കോടിയുടെ തുടർ ഓഹരി വിൽപ്പന(എഫ്പിഒ)യിൽനിന്ന് അദാനി എന്റർപ്രൈസസ് പിൻമാറി. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് പിന്മാറ്റം. ബുധനാഴ്ചമാത്രം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ 28 ശതമാനം ഇടിഞ്ഞിരുന്നു. അദാനി പോർട്ട് പോലുള്ള മറ്റു കമ്പനികളുടെ ഓഹരിയും വൻതോതിൽ ഇടിഞ്ഞു. എല്ലാ കമ്പനികളും ഓഹരിവിപണിയിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ സമീപകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതയില്ല. ഇതുവരെ ഓഹരി വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഓഹരി വിൽപ്പനയ്ക്ക് നിശ്ചയിച്ച വിലയും നിലവിലെ ഓഹരി വിലയും തമ്മിൽ ആയിരം രൂപയ്ക്ക് അടുത്ത് വ്യത്യാസം ഉണ്ട്. ഇതിനാൽ നിക്ഷേപകർക്ക് മുതൽ മുടക്ക് തിരികെ കിട്ടാൻ ഏറെക്കാലം എടുത്തേക്കാം. ഈ സാഹചര്യത്തിൽ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് വിൽപ്പനയിൽനിന്ന് പിന്മാറുന്നതെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചു.
അതേസമയം ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ ഉണ്ടായ ഇടിവ് ഏഴര ലക്ഷം കോടി രൂപ പിന്നിട്ടു.
അദാനി എന്റര്‍പ്രൈസസ് ഓഹരിവില
27 ശതമാനം ഇടിഞ്ഞു
ഓഹരിവിപണിയിൽ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ എൻഎസ്ഇ നിഫ്റ്റി 0.26 ശതമാനം നഷ്ടം നേരിട്ടു. ബിഎസ്ഇ സെൻസെക്സ് 0.27 നേട്ടമുണ്ടാക്കി, സെൻസെക്സ് 158.18 പോയിന്റ് നേട്ടത്തിൽ 59708.08 ലും നിഫ്റ്റി 45.90 പോയിന്റ് താഴ്ന്ന് 17616.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് തുടർച്ചയായി തകർച്ച നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ ബുധനാഴ്ചയും കനത്ത തിരിച്ചടി നേരിട്ടു. അദാനി എന്റർപ്രൈസസ് 26.70 ശതമാനം ഇടിഞ്ഞു. ഓഹരി ഒന്നിന് 794.15 നഷ്ടപ്പെട്ട് വില 2,179.75 രൂപയിലെത്തി. അംബുജ സിമന്റ്സ് 16.50 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും അദാനി പോർട്സ് 17.73 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി ട്രാൻസ്മിഷൻ (0.79), അദാനി പവർ (4.98), അദാനി ഗ്രീൻ എനർജി (5.19) എന്നിങ്ങനെയാണ് മറ്റ് ഓഹരികളിലെ നഷ്ടം.
ബിഎസ്ഇയിൽ എഫ്എംസിജി, ഐടി, മെറ്റൽ സൂചികകൾ മുന്നേറി. ഐടിസിയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത് (2.61 ശതമാനം). ടാറ്റാ സ്റ്റീൽ (2.01), ഐസിഐസിഐ ബാങ്ക് (1.80), ടിസിഎസ് (1.50), എച്ച്ഡിഎഫ്സി ബാങ്ക് (1.47) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ചില പ്രധാന ഓഹരികൾ.
ഏഷ്യയിലെ സമ്പന്നൻ : അദാനിയെ പിന്തള്ളി മുകേഷ് അംബാനി
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തിരിച്ചടി നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക് നഷ്ടമായി. ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ എന്ന പദവിയും അദാനിക്ക് നഷ്ടമായി.
ലോകകോടീശ്വരൻമാരുടെ ഫോർബ്സ് പട്ടികപ്രകാരം ഗൗതം അദാനി 15–-ാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. മുകേഷ് അംബാനിക്ക് 6.86 ലക്ഷം കോടിയുടെ ആസ്തിയും ഗൗതം അദാനിക്ക് 6.14 ലക്ഷം കോടിയുടെ ആസ്തിയുമാണുള്ളത്. കഴിഞ്ഞ ദിവസം ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തുപേരിൽനിന്ന് അദാനി പുറത്തായിരുന്നു.
ഇതേസമയം, അദാനിയുടെ ഓഹരികളിൽ ഇടിവ് തുടരുകയാണ്. ബുധനാഴ്ച 25 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്. സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി.