തിരുവനന്തപുരം
സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും തീരുമാനങ്ങൾ വൈകിപ്പിക്കാനുള്ള നീക്കത്തിന് ചാൻസലർ കൂടിയായ ഗവർണറുടെ സഹായം തേടി സാങ്കേതിക സർവകലാശാല വി സി ഡോ. സിസ തോമസ്. ഗവർണർക്ക് അധികാര മില്ലാത്ത വിഷയങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ തീരുമാനം തേടുന്നത് അക്കാദമിക പ്രവർത്തനങ്ങളെയടക്കം തടസ്സപ്പെടുത്തുന്നു.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം, പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ, ധനവിഭാഗത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് എന്നിവയുടെ ഉത്തരവ് ഇതുവരെയും വിസി പുറത്തിറക്കിയിട്ടില്ല. ആഗസ്തിൽ അടുത്ത അധ്യയനവർഷം തുടങ്ങാനിരിക്കെ ബോർഡ് ഓഫ് സ്റ്റഡീസിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ ബോർഡ് രൂപീകരണത്തിന് നിർദേശം നൽകിയിട്ടില്ല. പ്ലാൻ ഫണ്ടിന്റെ വിനിയോഗവും റീ അപ്രോപ്രിയേഷനും അംഗീകരിക്കാത്തതിനാൽ തുക നഷ്ടപ്പെട്ടേക്കാം. പുതിയ ബജറ്റിന്റെ ആലോചനായോഗങ്ങൾക്കും വിസി തയ്യാറായിട്ടില്ല.
ബോർഡ് ഓഫ് ഗവർണേഴ്സ്, സിൻഡിക്കറ്റ് തുടങ്ങിയവ എടുക്കുന്ന തീരുമാനങ്ങൾ വി സി നടപ്പാക്കണമെന്നാണ് കെടിയു ആക്ട്. സർവകലാശാലയെ സംബന്ധിക്കുന്ന വിഷയങ്ങളിലെ അന്വേഷണത്തിനും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും സിൻഡിക്കറ്റിന്റെ അംഗീകാരം വേണമെന്നും ആക്ടിലുണ്ട്. സർവകലാശാലയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ കമ്മിറ്റികളെ നിയമിച്ച് അവയ്ക്ക് അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും ഏൽപ്പിച്ചുകൊടുക്കാനുള്ള അധികാരം ബോർഡ് ഓഫ് ഗവർണേഴ്സിനാണ്. സർവകലാശാലയിലെ അക്കാദമിക, സഹകരണ പരിപാടികൾ പുനഃപരിശോധിക്കാനും അവയിൽ ഉചിതമായി തീരുമാനമെടുക്കാനും അധികാരമുണ്ട്. ഈ ചുമതലകൾ നിർവഹിച്ചതിനാണ് വിസി, ഗവർണർക്ക് പരാതി നൽകിയത്.