മാവേലിക്കര
തൊഴിലാളി വർഗത്തിന്റെ പ്രസക്തി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് സമൂഹത്തോട് വിളിച്ചുപറയുന്ന മാവേലിക്കര ബിഷപ് മൂർ കോളേജിലെ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചരിത്രത്തിൽ ഇടം നേടി. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത് കോളേജിലെ ശുചീകരണ ജീവനക്കാരി അംബികാമ്മയും സെക്യൂരിറ്റി ജീവനക്കാരൻ കുഞ്ഞുമോനും ചേർന്ന്. ‘തൊഴിലാളിവർഗത്തിന്റെ കല ’ എന്ന അർഥം വരുന്ന സ്പാനിഷ് വാക്കായ ‘ആർട് പ്രൊലേറ്റേറിയോ’ എന്നാണ് ആർട്സ് ഫെസ്റ്റിന് പേരും നൽകിയത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ വാക്കിനെ അന്വർഥമാക്കി സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങ് സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.
പണം ചെലവഴിച്ച് ഉദ്ഘാടനത്തിന് പ്രശസ്തരെ എത്തിക്കാൻ പാടുപെടുന്ന യൂണിയനുകൾക്ക് ബിഷപ്മൂറിലെ എസ്എഫ്ഐ നേതൃത്വം മാതൃകയായി. 1964ൽ സ്ഥാപിക്കപ്പെട്ട കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആർട്സ് ഫെസ്റ്റ് ഈ നിലയിൽ നടത്തിയത്. ആന്റി ലേബർ കോഡ് നഗർ, ആന്റി സിഎഎ നഗർ, ആന്റി എൻഇപി നഗർ, ആർട്ടിക്കിൾ 360 നഗർ എന്നിങ്ങനെ വേദികൾക്ക് പേരും നൽകിയിരുന്നു. സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന ആശയം പ്രാവർത്തികമാക്കുകയാണ് യൂണിയന്റെ ലക്ഷ്യമെന്ന് യോഗത്തിൽ അധ്യക്ഷനായ ചെയർമാൻ ഹരികൃഷ്ണൻ പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി, ആർട്സ് ക്ലബ് സെക്രട്ടറി അനന്ത വിഷ്ണു, വൈസ്പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് മാത്യു എബ്രഹാം, ഡോ. വർഗീസ് അനി കുര്യൻ, ഡോ. റോബർട്ട് രാജു, വൈസ്ചെയർപേഴ്സൺ സാന്ദ്ര എന്നിവർ സംസാരിച്ചു.
കോളേജിലെ തൊഴിലാളി ജീവനക്കാരെക്കൊണ്ട് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനംചെയ്യിച്ച മാവേലിക്കര ബിഷപ്മൂർ കോളേജ് യൂണിയന്റെ എസ്എഫ്ഐ ഭാരവാഹികളെ സാംസ്കാരിക മന്ത്രി സജി ചെറിയാനും എം എസ് അരുൺകുമാർ എംഎൽഎയും അഭിനന്ദിച്ചു.