ഭോപ്പാൽ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പെൺകുട്ടികളുടെ വോളിബോളിൽ കേരളം സെമിയിലെത്തി. ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് തമിഴ്നാടിനെ നേരിടും. ഗ്രൂപ്പിൽ മൂന്ന് കളിയും ജയിച്ചാണ് കേരളത്തിന്റെ മുന്നേറ്റം.
അവസാന മത്സരത്തിൽ ഉത്തർപ്രദേശിനെ 23–-25, 25–-15, 17–-25, 25–-21, 15–-8ന് തോൽപ്പിച്ചു. ഗുജറാത്തിനെയും ഹരിയാനയെയും കീഴടക്കിയിരുന്നു. ബംഗാളും ഹരിയാനയും തമ്മിലാണ് രണ്ടാംസെമി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുജറാത്ത് ഉത്തർപ്രദേശിനെയും ഹരിയാന തമിഴ്നാടിനെയും നേരിടും. ആൺകുട്ടികളിൽ കേരളത്തിന് ടീമില്ല.
ഫുട്ബോളിൽ ഇരുവിഭാഗത്തിലും കേരളം തോൽവിയോടെയാണ് തുടങ്ങിയത്. ആൺകുട്ടികൾ 1–-2ന് പഞ്ചാബിനോട് തോറ്റു. ഇനി അരുണാചൽപ്രദേശിനെയും മധ്യപ്രദേശിനെയുമാണ് നേരിടാനുള്ളത്. പെൺകുട്ടികൾ 1–-4ന് അരുണാചലിനോട് പരാജയപ്പെട്ടു. ദാദ്ര ആൻഡ് ദാമനും മധ്യപ്രദേശുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാഡ്മിന്റണിൽ ഏക പ്രതിനിധിയായ പവിത്ര നവീൻ വനിതാ സിംഗിൾസ് സെമിയിലെത്തി. ആന്ധ്രയുടെ രശ്മിത ദോനെപുടിയെ 21–-13, 21–-16ന് തോൽപ്പിച്ചു. ഹരിയാനയുടെ ദേവിക ഷിഹാംഗാണ് അടുത്ത എതിരാളി. അത്ലറ്റിക്സ് മത്സരങ്ങൾ നാളെ തുടങ്ങും. കേരളത്തിന് 24 അംഗ ടീമുണ്ട്.
ഗെയിംസിന്റെ മൂന്നാംദിനം നാല് സ്വർണവുമായി ആതിഥേയരായ മധ്യപ്രദേശാണ് മുന്നിൽ. മഹാരാഷ്ട്രക്കും ഉത്തർപ്രദേശിനും ഓരോ സ്വർണമുണ്ട്.