റിയാദ്> ഹൃദയാഘാതത്തെ തുടര്ന്ന് മൂന്നുമാസം മുന്പ് മരിച്ച ഉത്തര്പ്രദേശ് സ്വദേശി മുഹമ്മദ് ഷംസുദ്ദീന്റെ (38) മൃതദേഹം റിയാദില് ഖബറടക്കി. അല്ഖര്ജ് കിംഗ് ഖാലിദ് ആശുപത്രി മോര്ച്ചറിയില് മൂന്ന് മാസമായി അജ്ഞാത മൃതദേഹം എന്ന നിലയില് സൂക്ഷിച്ചിരിക്കുകയായിരുന്നു.
മൃതദേഹത്തെ കുറിച്ച് ആശുപത്രി അധികൃതര് അല് ഖര്ജ് പോലീസില് വിവരമറിയിക്കുകയും, ഇഖാമാ പരിശോധനയില് ഇന്ത്യക്കാരനാണെന്ന് ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തില് പോലീസ് ഇന്ത്യന് എമ്പസ്സിയില് വിവരമറിയിച്ചു. കൂടുതല് വിവരങ്ങള് ശേഖരിക്കുന്നതിനും തുടര് നടപടികള് കൈക്കൊള്ളുന്നതിനുമായി എമ്പസ്സി, കേളി കലാസാംസ്കാരിക വേദിയെ ചുമതലപ്പെടുത്തി.
ഇക്കാമ നമ്പറിലൂടെ പാസ്പോര്ട്ട് വിവരങ്ങള് ശേഖരിച്ച കേളിയുടെ അല്ഖര്ജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്ത്തകര് മുഹമ്മദ് ഷംസുദ്ദീന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഉത്തര്പ്രദേശ് മുറാദാബാദ് ജില്ലയിലെ ഠാക്കൂദ്വാര് സ്വദേശിയായ ഷംസുദ്ദീന്, പതിനൊന്നു വര്ഷം മുന്പ് ദമാമിലാണ് ജോലിക്കെത്തിയത്. പിന്നീട് സ്പോണ്സറുടെ ജോലിയില് നിന്നും മാറി കഴിഞ്ഞ എട്ടു വര്ഷമായി അല് ഖര്ജില് ജോലി ചെയ്തു വരികയായിരുന്നു. തുടര്ന്ന് ഇന്ത്യന് എംബസിയുടെ നിര്ദ്ദേശപ്രകാരം നാട്ടിലുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഷംസുദ്ദീന്റെ റിയാദിലുള്ള ബന്ധുവിനെ കണ്ടെത്തുകയും, തുടര് നടപടികള് പൂര്ത്തിയാക്കി കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അല്ഖര്ജ് ഖബര്സ്ഥാനില് ഖബറടക്കി.