തിരുവനന്തപുരം > ബാങ്ക് ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും പെൻഷൻ ഫണ്ടുകൾ അദാനിമാർക്ക് ചൂതാടാൻ വിട്ട് കൊടുക്കരുതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം കേന്ദ്ര സർക്കാറിനോടും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും ആവശ്യപ്പെട്ടു. പെൻഷൻ അപ്ഡേഷനും സുപ്രധാനമാണ്. ഓരോ ശമ്പള പരിഷ്കരണത്തിന്റെയും കൂടെ കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് പെൻഷനും പരിഷ്കരിക്കുന്ന സമ്പ്രദായം നിലവിലിരിക്കെ, ബാങ്ക് ജീവനക്കാർക്ക് അത് നിഷേധിക്കുന്നത് അനീതിയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്ക് തന്നെ വഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംഘടനയുടെ പുതിയ പ്രസിഡന്റായി ഐ എം സതീശൻ(പാലക്കാട്) സെക്രട്ടറി ആയി പി വി ജോസ് (തിരുവനന്തപുരം) ട്രഷറർ ആയി വി പി ശോഭന(തിരുവനന്തപുരം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഐ എം സതീശൻ, പി വി ജോസ്, വി പി ശോഭന
പാണക്കാട് ഹാളിൽ നടന്ന സമ്മേളനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം പ്രസിഡന്റ് എൻ സുരേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി ജയരാജ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ടി പി അശോക കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജി അനിൽകുമാർ സ്വാഗതവും എസ് ലീലാമ്മ നന്ദിയും പറഞ്ഞു. റിട്ടയറീസ് ഫോറം സംസ്ഥാന സെക്രട്ടറി പി വി ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി പി ശോഭന കണക്കുകളും വി ജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, എസ്ബിഐയിൽ നടത്തുന്ന താത്കാലിക നിയമനങ്ങൾ അവസാനിപ്പിക്കുക. സ്വകാര്യ വൽകരണ നീക്കം ഉപേക്ഷിക്കുക. ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, ബാങ്ക് ജീവനക്കാരുടെ
പെൻഷൻ ഫണ്ട് സുരക്ഷിതമായി സൂക്ഷിക്കുക പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
മറ്റ് ഭാരവാഹികൾ
വൈസ് പ്രഡിഡന്റുമാർ: എം എൻ അനിൽ കുമാർ(കണ്ണൂർ)എസ് ലീലാമ്മ(തിരുവനന്തപുരം)
അസിസ്റ്റന്റ് സെക്രട്ടറിമാർ: ജി അനിൽകുമാർ(തിരുവനന്തപുരം) വി പുരുഷോത്തമൻ(എറണാകുളം).