തിരുവനന്തപുരം > ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അദാനി എന്നാൽ മോദി തന്നെ എന്നത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമല്ല. 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് അദാനിയുടെ വളർച്ച തുടങ്ങുന്നത്. വളർന്നു വളർന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി മാറിയെന്നും എം എ ബേബി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. അദാനിക്കമ്പനികളിലെ പ്രധാന നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും എന്നാണ് ഇക്കാര്യത്തിൽ പിടിപാടുള്ളവർപറയുന്നത്. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലുകളായ ഈ സ്ഥാപനങ്ങളുടെ തകർച്ച നമ്മുടെ സമ്പദ്വ്യവസ്ഥയെ പിടിച്ചു കുലുക്കും. ഇതിൻറെയും ആഘാതം താങ്ങേണ്ടിവരിക ഫലത്തിൽ കൂലി കുറയുന്ന, ആശ്വാസനടപടികൾ നഷ്ടമാവുന്ന തൊഴിലാളികളും പാവപ്പെട്ടരുമാണ്.
അദാനിയെ വിറപ്പിച്ച ഹിൻഡൻബർഗ് റിസർച്ച് ഇന്നലെ അദാനിക്ക് നൽകിയ മറുപടിയിൽ പറയുന്നു, “We also believe India’s future is being held back by the Adani Group, which has draped itself in the Indian flag while systematically looting the nation,” (ഇന്ത്യയുടെ ഭാവി അദാനി ഗ്രൂപ്പ് പിടിച്ചു വച്ചിരിക്കുന്നു എന്ന് ഞങ്ങളും കരുതുന്നു. ഇന്ത്യയുടെ പതാക സ്വയം വാരിപ്പുതച്ചുകൊണ്ട് അവർ രാജ്യത്തെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു.)
അദാനി= മോദി മോദി= കൊള്ളയെന്നും ബേബി കുറിപ്പിൽ പറഞ്ഞു.