തൃശൂർ > പുതിയ സ്വപ്നങ്ങളുമായി അവൾ വീണ്ടും ചൈനയിലേക്ക് പറക്കും; ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി. സംസ്ഥാന സർക്കാരിന്റെ കരുതലിൽ മൂന്നുവർഷത്തെ അതിജീവനകാലം കടന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കാൻ അടുത്തമാസമാണ് പുറപ്പെടുക.
കോവിഡ് വ്യാപനത്തെത്തുടർന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി ചൈനയിൽനിന്നെത്തിയത്. 24ന് കേരളത്തിലെത്തി സമ്പർക്കവിലക്കിൽ കഴിയവേ ചുമയുണ്ടെന്ന് ആരോഗ്യപ്രവർത്തകരെ അറിയിച്ചു. 25ന് പ്രത്യേക ആംബുലൻസിൽ തൃശൂർ ജനറൽ ആശുപത്രിയിലേക്ക്. 30ന് രോഗ സ്ഥിരീകരണം.
സർക്കാർ തീരുമാനപ്രകാരം വിദഗ്ധചികിത്സക്കായി 31ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് മികച്ച ചികിത്സയിൽ രോഗമുക്തി. ‘മഹാമാരിയുടെയും മഹാദുരിതത്തിന്റയും കാലംകഴിഞ്ഞു. വീണ്ടും അതോർക്കേണ്ടതില്ല. നമുക്ക് നല്ലത് ചിന്തിക്കാം’ അവൾ പറയുന്നു. മൂന്നുവർഷവും ഓൺലൈൻവഴി പഠനം പൂർത്തിയാക്കി. പ്രാക്ടിക്കൽ പരീക്ഷകൾക്കാണ് ചൈനയിലേക്ക് പോകുന്നത്.