തിരുവനന്തപുരം > ഒന്നരവർഷത്തിനിടെ വിവിധ പദ്ധതികളിലായി ആദിവാസിവിഭാഗത്തിന് എൽഡിഎഫ് സർക്കാർ നൽകിയത് 1752 ഏക്കർ ഭൂമി. 2021 മെയ് മുതൽ 2022 ഡിസംബർ 31 വരെയുള്ള കണക്കാണ് ഇത്. 1369 പേർക്ക് വനാവകാശ നിയമപ്രകാരം 1699 ഏക്കറും 198 പേർക്ക് ലാൻഡ് ബാങ്ക് പദ്ധതിപ്രകാരം 38. 01 ഏക്കറും നിക്ഷിപ്ത വനഭൂമി 15.20 ഏക്കറും നൽകി.
ഭൂമി നൽകാൻ ആദിവാസി പുനരധിവാസ വികസന മിഷൻ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ഭൂരഹിതരില്ല. അട്ടപ്പാടിയിലും കണ്ണൂരിലും പണം നൽകി ഭൂമി വാങ്ങിനൽകുന്ന ലാൻഡ് ബാങ്ക് പദ്ധതി ആരംഭിച്ചിട്ടില്ല. മുത്തങ്ങസമരം: 242 കുടുംബങ്ങൾക്കും ഭൂമിയായി മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 242 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകി. 39 കുടുംബങ്ങൾക്കുകൂടി നൽകാനുണ്ട്.
ആദിവാസികൾ ഭൂമിയുടെ അവകാശികളാകും: മന്ത്രി
മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്. ആദിവാസി ഭൂമി അന്യാധീനപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.