തിരുവനന്തപുരം> അധികാരത്തിന്റെ ആർപ്പുവിളിസംഘമായി രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങൾ മാറിയെന്ന് മന്ത്രി എം ബി രാജേഷ്. പബ്ലിക് റിലേഷൻ വകുപ്പ് സംഘടിപ്പിച്ച മാധ്യമദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളി ഒറ്റപ്പെട്ട സംഭവമല്ല. അത് ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമാണ്. എന്നാൽ, പല മാധ്യമങ്ങൾക്കും അത് തിരിച്ചറിഞ്ഞ് പ്രതികരിക്കാനാകുന്നില്ല. ആ പ്രതിസന്ധിയുടെ മുന്നിൽ വിധേയരോ നിസംഗരോ ആയി മാറുന്നത് അലോസരവും ആശങ്കയുമുണ്ടാക്കുന്നു.
പ്രസ് ഫ്രീഡം ഇൻഡക്സിൽ രാജ്യം രണ്ടുവർഷത്തിനുള്ളിൽ 20 പടി താഴേയ്ക്കിറങ്ങി 150ാം സ്ഥാനത്തെത്തി. മാധ്യമപ്രവർത്തനത്തിന് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറുകയാണ്. കൽത്തുറങ്കിനും തോക്കിനുമിടയിലാണ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം. ദേശീയ പ്രശ്നങ്ങളിൽ നിന്ന് മലയാള മാധ്യമങ്ങൾ സുരക്ഷിത അകലം പാലിക്കുകയാണ്. തൊട്ടാൽ കൈപൊള്ളുമെന്ന ഭയമാണ് മാധ്യമങ്ങൾക്ക്. ബിബിസി ഡോക്യുമെന്ററി പോലും ചർച്ചയായത് കേരളത്തിലെ ഒരു രാജിയുടെ പശ്ചാത്തലത്തിലാണ്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോഴും മാധ്യമങ്ങൾ കാര്യമായെടുത്തില്ല. ഈ വിഷയം കേരളത്തിലാണ് സംഭവിച്ചിരുന്നതെങ്കിൽ മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവും പ്രകടിപ്പിക്കാൻ അവസരമാകുമായിരുന്നു.
കേസരി ബാലകൃഷ്ണപ്പിള്ളയുടെയും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെയും ധീരമായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ മാധ്യമങ്ങൾക്കാകണമെന്നും എം ബി രാജേഷ് പറഞ്ഞു കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ പ്രഭാഷണം നടത്തി. കെയുജബ്ല്യുജെ ജനറൽ സെക്രട്ടറി ആർ കിരൺബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ്, സെക്രട്ടറി അനുപമ ജി നായർ എന്നിവർ സംസാരിച്ചു. പിആർഡി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ സ്വാഗതവും അഡീഷണൽ ഡയറക്ടർ കെ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
പാനൽ ചർച്ചയിൽ സിദ്ധാർഥ് വരദരാജൻ, അഭിനന്ദൻ സെക്രി, വി ബി പരമേശ്വരൻ, ജോണി ലൂക്കോസ്, ജോസി ജോസഫ്, വിനോദ് ജോസ്, രാജീവ് ദേവരാജ്, ധന്യ രാജേന്ദ്രൻ എന്നിവർ സം‘ആരിച്ചു. സലിൻ മാങ്കുഴി സ്വാഗതം പറഞ്ഞു.