ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെന്റി പുറത്തുവിട്ട ബിബിസിക്കെതിരെ അനിൽ കെ ആന്റണി വീണ്ടും രംഗത്ത്. ബിബിസി മുൻപ് നൽകിയ വാർത്തകളിൽ കശ്മീർ ഇല്ലാത്ത ഭൂപടം പല തവണ നൽകിയെന്ന് കാട്ടിയാണ് അനിൽ കെ ആന്റണിയുടെ ട്വീറ്റ്.
കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പല തവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പല തവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ ട്വീറ്റ് ചെയ്തു.
കോൺഗ്രസ് പാർട്ടി, മുതിർന്ന നേതാവ് ജയ്റാം രമേശ്, കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം ചെയർപേഴ്സൺ സുപ്രിയ ശ്രീനാഥെ എന്നിവരെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെൻററിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു.