തിരുവനന്തപുരം> വ്യവസായ, നിക്ഷേപ രംഗത്ത് കേരളത്തിന്റെ കുതിപ്പ് വ്യക്തമാക്കി നയപ്രഖ്യാപനം. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിച്ച കൂട്ടായ പരിശ്രമം ഫലം കണ്ടു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കേരളത്തിന്റെ മുന്നേറ്റവും രാജ്യശ്രദ്ധയിൽ ഇടംപിടിച്ച സംരംഭകവർഷം പദ്ധതിയും കേരളത്തിന്റെ മുഖച്ഛായ മാറ്റി. നിക്ഷേപരംഗത്തെ പരിഷ്കരണം തുടരും. അനുമതികൾ എളുപ്പത്തിലാക്കാൻ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തും. സംരംഭക വർഷം പദ്ധതിയിൽ ഒന്നേകാൽ ലക്ഷം സംരംഭവും 7517 കോടിയുടെ നിക്ഷേപവും 2,67,196 തൊഴിലവസരവും ഉണ്ടായി. പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തു.
21 പൊതുമേഖലാ സ്ഥാപനം ലാഭത്തിലായി. കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ എച്ച്എൻഎല്ലും ഭെൽ ഇഎംഎല്ലും ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൻഷൻ സെന്റർ, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി, പെട്രോ കെമിക്കൽ പാർക്ക്, സ്പൈസസ് പാർക്ക്, റബർപാർക്ക് എന്നിവ യാഥാർഥ്യമാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ഈവർഷം പ്രവർത്തനക്ഷമമാകും.
എംഎസ്എംഇകൾക്കും ഇതര സംരംഭങ്ങൾക്കുമുള്ള പരാതിപരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സൗകര്യം, സമയബന്ധിതമായി ലൈസൻസ് നൽകുന്നതിനുള്ള സംവിധാനം എന്നിവ നിക്ഷേപരംഗത്ത് വൻ കുതിപ്പിന് ഇടയാക്കി.
സംസ്ഥാനത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്താനും മുൻഗണനാ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ നയം രൂപീകരിച്ചു. നാലാം വ്യാവസായിക വിപ്ലവത്തിലെ ഭാവി തൊഴിലുകൾ, വ്യവസായങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി യുവജനങ്ങളുടെ നൈപുണ്യ നിലവാരം ഉയർത്താൻ പ്രത്യേകം ശ്രദ്ധിക്കും.