തിരുവനന്തപുരം
കിഫ്ബി എടുത്ത വായ്പകളുടെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരളം സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര സർക്കാരിന്റെ അനുകൂല ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. കടമെടുപ്പ് ശേഷി കുറയ്ക്കൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ വിഭവങ്ങളും പരിമിതപ്പെടുത്തുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.
|
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കിഫ്ബി വിതരണം ചെയ്ത പണം സംസ്ഥാനത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിച്ചിട്ടുണ്ട്. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മൊത്തം വായ്പാവ്യാപ്തി 10,000 കോടി രൂപയായി ഉയർത്തും. വസ്തു രജിസ്ട്രേഷന് നിലിവിലുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആപ് ‘പേൾ’ പുനർരൂപകൽപ്പന ചെയ്യും. ആധാരത്തിലെ കക്ഷികളെ തിരിച്ചറിയുന്നതിന് സമ്മതപ്രകാരമുള്ള ആധാർ സംയോജനം നടപ്പാക്കും. രജിസ്ട്രേഷൻ ആവശ്യത്തിന് കെട്ടിട മുല്യനിർണയത്തിന് ഐടി സംവിധാനമൊരുക്കും.