ജമ്മു
ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്ക് സിആർപിഎഫുകാരെ വിമാനമാർഗം എത്തിക്കാനുള്ള അപേക്ഷ നിരസിച്ച് കേന്ദ്രസർക്കാർ 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികരെ ബലിയാടാക്കുകയായിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. മറുപടിയായി സർജിക്കൽ സ്ട്രൈക്കിലൂടെ നിരവധിപേരെ കൊലപ്പെടുത്തിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു തെളിവും ലഭ്യമാക്കിയിട്ടില്ല. നുണകൾ നിരത്തിയാണ് അവർ ഭരിക്കുന്നതെന്ന് ദിഗ്വിജയ് സിങ് പറഞ്ഞു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായ ജമ്മു കശ്മീരിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ യാത്ര രാജ്യത്തെ ഒരുമിപ്പിക്കാനല്ല ഭിന്നിപ്പിക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് സിങ്ങിന്റെ പ്രതികരണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു. സൈന്യത്തെ അധിക്ഷേപിച്ചാൽ ഇന്ത്യ അത് അംഗീകരിക്കില്ലെന്നും ഭാട്ടിയ പറഞ്ഞു.