ലണ്ടൻ> കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി അഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരിൽ കുതിച്ചു. 3–-2നാണ് ജയം. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് അധികമുണ്ട്. സിറ്റിക്ക് 20 കളിയിൽ 45. അഴ്സണലിന് പത്തൊമ്പതിൽ 50 പോയിന്റുമാണ്. 19 വർഷത്തിനുശേഷം കിരീടം ചൂടുക എന്നതാണ് പീരങ്കിപ്പടയുടെ ലക്ഷ്യം. ഇരട്ടഗോൾ നേടി ഇരുപത്തിമൂന്നുകാരൻ എഡ്ഡി എൻകെട്ടിയയാണ് യുണൈറ്റഡിനെതിരെ ജയമുറപ്പിച്ചത്. പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്. 90–-ാംമിനിറ്റിലാണ് എൻകെട്ടിയ വിജയഗോൾ കുറിച്ചത്.
സ്വന്തംതട്ടകത്തിൽ തുടക്കംതന്നെ അഴ്സണൽ പിന്നിലായി. മാർകസ് റഷ്ഫഡിലൂടെയാണ് യുണൈറ്റഡ് ലീഡെടുത്തത്. എന്നാൽ, എൻകെട്ടിയ തിരിച്ചുകൊണ്ടുവന്നു. സാക്കയിലൂടെ, ഇടവേള കഴിഞ്ഞ് ലീഡെടുത്ത അഴ്സണലിനെ പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിനെസിലൂടെ യുണൈറ്റഡ് തളച്ചു. കളി സമനിലയിലേക്ക് നീങ്ങവേയാണ് എൻകെട്ടിയയുടെ വിജയഗോൾ വന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് നൽകിയ പന്ത് ബോക്സിൽ ഇംഗ്ലീഷുകാരൻ വലകടത്തി.
2003–-04 സീസണിൽ ആഴ്സെൻ വെംഗറുടെ കീഴിൽ നടത്തിയ ചരിത്രകുതിപ്പിന് സമാനമാണ് ഇത്തവണ അഴ്സണലിന്റെ പ്രകടനം.
അന്ന് ഒറ്റക്കളിയും തോൽക്കാതെ ചാമ്പ്യൻമാരായി. പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. പുത്തൻ കളിതന്ത്രങ്ങൾക്കുമുന്നിൽ വെംഗർക്കും പിടിച്ചുനിൽക്കാനായില്ല. 2018ൽ പടിയിറങ്ങി. ഒരുവർഷത്തിനുശേഷം എത്തിയ മുൻതാരം മൈക്കേൽ അർടേറ്റയാണ് ടീമിനെ പുതുക്കിയത്. യുവതാരങ്ങളെ എത്തിച്ചു. ജൂനിയർ അക്കാദമിയിലെ കൗമാരക്കാർക്കും അവസരം നൽകി. ബുകായോ സാക്ക, എമിലി സ്മിത്ത് റൊവേ എന്നിവരെല്ലാം തിളങ്ങി. ഈ സീസണിൽ ഒരുകളിയിലാണ് തോറ്റത്. പത്തൊമ്പതിൽ 16 കളിയും ജയിച്ചു. രണ്ട് സമനില. 45 ഗോളടിച്ചപ്പോൾ വഴങ്ങിയത് പതിനാറെണ്ണംമാത്രം.
ഫെബ്രുവരി നാലിന് എവർട്ടണുമായാണ് അടുത്ത മത്സരം. അതിനുമുമ്പ് എഫ്എ കപ്പ് നാലാംറൗണ്ടിൽ വെള്ളിയാഴ്ച സിറ്റിയെ നേരിടും.