ന്യൂഡൽഹി
ദളിത് വിഭാഗങ്ങളിൽനിന്ന് ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നൽകുന്നത് പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ വച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. ഇതേവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തിൽ സമിതി അനുവദിക്കരുതെന്നായിരുന്നു ആവശ്യം. എന്നാൽ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും എ എസ് ഓകയും ഉൾപ്പെട്ട ബെഞ്ച് സർക്കാരിന് സമിതി രൂപീകരിച്ചുള്ള ഉത്തരവ് റദ്ദാക്കേണ്ട സാഹചര്യം കാണുന്നില്ലെന്ന് നിരീക്ഷിച്ചു.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് പരിവർത്തിത ക്രൈസ്തവർക്കും മറ്റും എസ്സി പദവി നൽകുന്നത് പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ചത്. ജസ്റ്റിസ് ബാലകൃഷ്ണന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രകുമാർ ജയിൻ, യുജിസി അംഗം ഡോ. സുഷമ യാദവ് എന്നിവരാണ് അംഗങ്ങൾ.
സമിതി രൂപീകരണത്തെ എന്തടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നതെന്ന് കോടതി ആരാഞ്ഞു. ‘20 വർഷമായി കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ദളിത് ക്രൈസ്തവർക്ക് നീതി നിഷേധിക്കപ്പെടുകയാണ്. കോടതി കേസ് വേഗത്തിൽ കേൾക്കണം. കമീഷന്റെ ഇടപെടൽ ഒഴിവാക്കണം’–- അഭിഭാഷകൻ പറഞ്ഞു.